മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ ഹേമധാർ ഛലനയെ ആണ് കോടതി ശിക്ഷിച്ചത്. 2021-ൽ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ആണ് ശിക്ഷ വിധിച്ചത്.
2021 ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം. കൊടക്കാട് ക്വാർട്ടേഴ്‌സിൽ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞിരുന്ന കർണാടക സ്വദേശിയായ ഏഴു വയസ്സുകാരിയെയാണ് 37 കാരനായ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.
Read Also : ബ്രഹ്മപുരം തീപിടിത്തം: വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും
കുട്ടിയുടെ ക്വാർട്ടേഴ്‌സിന് സമീപത്ത് താമസിക്കുന്ന ഇയാൾ, കുട്ടിയെ തട്ടിക്കൊണ്ടുപോയി താൻ താമസിക്കുന്ന മുറിയിൽ വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ, കുട്ടിയെ മർദ്ദിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ ഈ കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടയ്ക്കുന്ന പക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി.
Post Your Comments