എരുമേലി: കേബിൾലൈൻ പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയ ടെക്നീഷൻ ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതര പരിക്ക്. കനകപ്പലം സ്വദേശിയും എരുമേലി രാജ് വിഷൻ കേബിൾ നെറ്റ്വർക്ക് സ്ഥാപനത്തിലെ ടെക്നീഷനുമായ അനിൽകുമാറി (അനി -49)നാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമേലി കെഎസ്ഇബി ഓഫീസിന് അടുത്ത് ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. മുറിച്ചുമാറ്റിയ കേബിൾ ടാഗ് ചെയ്ത് പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയപ്പോൾ ലൈനിൽ നിന്നു വൈദ്യുതി പ്രവഹിച്ച് ഷോക്കേറ്റ് 16 അടി ഉയരത്തിൽ നിന്നു ടാറിംഗ് റോഡിലേക്കു വീഴുകയായിരുന്നു.
Read Also : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം, 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി റദ്ദാക്കി
വീഴ്ചയുടെ ആഘാതത്തിൽ ഇടതു കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടനില തരണം ചെയ്ത അനിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കെഎസ്ഇബിയുമായി കരാർ ചെയ്തു ടാഗ് ചെയ്യാത്ത ഓപ്പറേറ്റർമാരുടെ കേബിളുകൾ ഹൈക്കോടതി വിധിപ്രകാരം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ടാഗ് ചെയ്തതിനെത്തുടർന്ന് ഇത് പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയപ്പോഴാണ് അനിലിന് അപകടം സംഭവിച്ചത്.
Post Your Comments