കാഞ്ചീപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കായിക പരിശീലകന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്റ്റേഡിയം സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയിലെ കോച്ചായ മുരുകേശന്(48) ആണ് അറസ്റ്റിലായത്. സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടിയുടെ കോച്ചിങുമായി ബന്ധപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് തന്റെ കൈവശമുണ്ടെന്നും അത് വാങ്ങാന്‍ വീട്ടിലേക്ക് വരണമെന്നും കോച്ച് ആവശ്യപ്പെടുകയായിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അകത്തേക്ക് കയറിയിരിക്കാന്‍ ആവശ്യപ്പെട്ട മുരുകേശന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടി രക്ഷപെടാന്‍ വേണ്ടി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പരുക്കേറ്റെങ്കിലും അടുത്തുള്ള ആളുകളെ പെണ്‍കുട്ടി വിവരമറിയിച്ചു. തുടര്‍ന്ന് സമീപത്തെ വിഷ്ണുകാന്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
ബലാത്സംഗശ്രമം, സ്ത്രീപീഡനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 4 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുരുകേശനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments