കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും പത്രപ്രവർത്തക യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
Post Your Comments