ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് കോടതി. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതിയായ സന്ദീപ് (20) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, കൂട്ടുപ്രതികളായ രവി (35), ലവ് കുഷ് (23), രാമു (26) എന്നിവരെ വെറുതെ വിടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ), എസ്‌സി/എസ്‌ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചത്.
ഉത്തര്‍പ്രദേശിലെ എസ്.സി/എസ്.ടി. പ്രത്യേക കോടതിയാണ് വ്യാഴാഴ്ച കേസില്‍ വിധി പറഞ്ഞത്. അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹത്രാ കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നതാണ് കേസ്. അതേ ഗ്രാമത്തിലെ നാല് ഉയർന്ന ജാതിക്കാരായ താക്കൂർമാരാണ് കേസിലെ പ്രതികൾ. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ദിവസത്തിന് ശേഷം അവൾ മരണത്തിന് കീഴടങ്ങി. ബലാത്സംഗശ്രമം എതിർത്ത നാല് പ്രതികളും അവളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
Post Your Comments