തിരുവനന്തപുരം: എല്‍.കെ.ജി വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കോട്ടപ്പുറം സ്വദേശി വില്ലാല്‍ എന്ന് വിളിക്കുന്ന വിപിന്‍ലാലി(27)നെയാണ് ആറ്റിങ്ങല്‍ പ്രത്യേക പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്. പിഴത്തുകയില്‍നിന്ന് പതിനായിരം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം കൂടി തടവ് അനുഭവിക്കണം.
2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ എല്‍.കെ.ജി വിദ്യാർത്ഥിനിക്ക് നേരേ ഡ്രൈവറായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാനും തിരികെ കൊണ്ടുവരാനും വീട്ടുകാർ ഏർപ്പെടുത്തിയിരുന്നത് വിപിൻലാലിനെ ആയിരുന്നു. ഇയാളുടെ ഓട്ടോയിൽ മറ്റ് കുട്ടികളും സമാനരീതിയിൽ സ്‌കൂളിലേക്ക് പോകാറുണ്ട്.
സംഭവദിവസം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതി അഞ്ചുവയസ്സുകാരിക്ക് നേരേ അതിക്രമം കാട്ടിയത്. എന്നാല്‍, വൈകിട്ട് തിരികെവരുമ്പോള്‍ പ്രതി മറ്റൊരാള്‍ക്ക് ഓട്ടോ കൈമാറുകയും ഇയാള്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. രണ്ടുദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടു. തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്, കുട്ടി തനിക്ക് സംഭവിച്ചത് വെളിപ്പെടുത്തിയത്. ഇതോടെ, വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Leave a Comment