
ന്യൂഡൽഹി: തന്റെ മന്ത്രിസഭയിലെ മുൻ മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയ്‌നിനെയും കേന്ദ്ര സർക്കാർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയത്തിൽ അഴിമതിയില്ലെന്നും നല്ല പ്രവൃത്തി ചെയ്യാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. അഴിമതി തടയുകയല്ല കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് പറഞ്ഞ കെജ്‌രിവാൾ, ഡൽഹിയിൽ ചെയ്ത നല്ല പ്രവൃത്തികൾ തടയുക എന്നതാണ് അവർ ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.
മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്ന മന്ത്രിമാരെ സംരക്ഷിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ സിസോദിയയുടെ വസതിയിൽ നിന്ന് 10,000 രൂപ പോലും കണ്ടെത്താൻ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു. മനീഷ് സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ നാളെ അദ്ദേഹം സ്വതന്ത്രനാകുമെന്നും, പ്രശ്നങ്ങൾ എല്ലാം ഇല്ലാതാകുമെന്നും കെജ്‌രിവാൾ പറയുന്നു.
ഡല്‍ഹി എക്‌സൈസ് നയം അഴിമതിക്കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇപ്പോൾ റദ്ദാക്കപ്പെട്ടിരിയ്ക്കുന്ന മദ്യനയ കേസിൽ തിങ്കളാഴ്ച ഡൽഹി കോടതി സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അതനുസരിച്ച് മാർച്ച് 4 വരെ സിസോദിയ CBI കസ്റ്റഡിയില്‍ തുടരും.
Post Your Comments