കാസർഗോഡ്: ജില്ലയിലെ സർക്കാർ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരും പ്രിൻസിപ്പൽ എം.രമയും തമ്മിലുള്ള പോര് ജനശ്രദ്ധ പിടിച്ച് പറ്റുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് എം. രമ രംഗത്ത്. പ്രവർത്തകരുമായുള്ള പ്രശ്നങ്ങളുടെ കാരണം മറുനാടൻ മലയാളിയുമായി നടത്തിയ അഭിമുഖത്തിൽ പ്രിൻസിപ്പൽ വെളിപ്പെടുത്തുന്നു. തന്റെ കസേര തെറിപ്പിക്കുമെന്നും, തന്റെ ജോലി തന്നെ ഇല്ലാതാക്കുമെന്നുമാണ് എസ്.എഫ്.ഐ വിദ്യാർത്ഥികൾ പറയുന്നതെന്നും അധ്യാപിക വെളിപ്പെടുത്തുന്നു.
കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പ്രിൻസിപ്പാളിനെ കണ്ട് പരാതി നല്കാനെത്തിയതാണ് സംഭവത്തിന്റെ തുടക്കം. പരാതിയുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ പ്രിൻസിപ്പലിന്റെ ചുമതലയുള്ള എം രമ്യ പൂട്ടിയിട്ടു എന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. പ്രിൻസിപ്പൽ രാജി വെയ്ക്കണമെന്നാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഇവർ കോളേജിൽ സമരത്തിലാണ്.
‘കുടിവെള്ള പ്രശ്നം ഉടൻ തന്നെ പരിഹരിച്ചു. പിറ്റേന്ന് മൂന്ന് കുട്ടികൾ വന്ന് എന്റെ ചെയറിനടുത്തിരുന്ന് എന്റെ ഫോട്ടോയും വീഡിയോയും പകർത്തി. അത് ഞാൻ ചോദ്യം ചെയ്തു. അവർ കൊടുത്ത വീഡിയോയ്‌ക്കെതിരെ ഞാൻ നിയമനടപടികൾ സ്വീകരിക്കും. എന്നെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. പൂജ, ഇമ്മാനുവൽ എന്നീ കുട്ടികൾ എന്നെ അടിച്ച് തള്ളിയിട്ടു, വധിക്കാൻ ശ്രമിച്ചു. പുറത്തുനിന്നുള്ളവർ അകത്ത് കയറി നമ്മുടെ പെൺകുട്ടികളെ നശിപ്പിക്കുകയാണ്. ഈ ഇമ്മാനുവൽ അടക്കം. പെൺകുട്ടികൾ തന്നെ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്.
എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കളെല്ലാം എന്നെ മർദ്ദിച്ചു. രാവിലെ മുതൽ വൈകിട്ട് വരെ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐക്കാർക്ക് മീറ്റിങ് നടത്താൻ ഒരു റൂം റെഡിയാക്കി കൊടുത്തിട്ടുണ്ട്. ഇവിടുത്തെ അധ്യാപകരും എനിക്കെതിരായ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. മയക്കുമരുന്ന് ഇപ്പോഴും ഈ കോളേജിൽ ഉണ്ട്. എസ്.എഫ്.ഐക്കാർ ആണ് മെയിൻ.
ആൺകുട്ടികളും പെൺകുട്ടികളും ഏഴ് മണിയായാലും പോകില്ല. ഞാൻ ചോദിച്ചാൽ എന്നോട് അവർ തിരിച്ച് ചോദിക്കുന്നത്, സദാചാര പോലീസ് ആണോ എന്നാണ്. ഒരു ഭാര്യയും ഭർത്താവും ജീവിതത്തിൽ എന്തൊക്കെ ചെയ്യുമോ അതൊക്കെ ആ കുട്ടികൾ ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഗ്രൗണ്ടിൽ ഓരോ മൂലയ്ക്കും പല വൃത്തികേട് ആണ് നടക്കുന്നത്. ഇത് കണ്ട ഒരാൾ എന്നോട് പറഞ്ഞത്, എ പടം കാണണമെങ്കിൽ ടീച്ചർ ഗ്രൗണ്ടിലേക്ക് വന്നാൽ മതി, തീയേറ്ററിൽ പോകണ്ട എന്നായിരുന്നു. അതിനൊക്കെ എതിരെ ഞാൻ പ്രതികരിക്കുന്നത് കൊണ്ടാണ് എസ്.എഫ്.ഐക്ക് എന്നോട് ദേഷ്യം. എസ്.എഫ്.ഐക്കാർ ഇവിടുത്തെ ഓരോ വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തി നശിപ്പിക്കുന്നുണ്ട് എന്നത് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്’, അധ്യാപിക പറയുന്നു.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും, മന്ത്രിക്കും വിദ്യാർത്ഥികൾ പരാതി അയക്കുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാളിനെ ചുമതലയിൽ നിന്നും നീക്കം ചെയ്യാൻ മന്ത്രി നിർദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് തന്റെ മുന്നിൽ കസേരയിൽ ഇരിക്കാൻ പാടില്ല എന്ന് തുടങ്ങി മോശമായ രീതിയിൽ സംസാരിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. മുൻപ് വിദ്യാർത്ഥികളെ കൊണ്ട് കാല് പിടിപ്പിച്ച് വിവാദത്തിലായ അധ്യാപികയാണ് എം രമ.
Post Your Comments