കണ്ണൂർ: ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലി ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സി.പി.എം പഞ്ചായത്ത് മെമ്പറുടെ ഭീഷണി. ജാഥയ്ക്ക് എത്താത്തവര്‍ക്ക് ജോലി നല്‍കേണ്ടി വരുമോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് നേതാവ് പറയുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കോഴിക്കോടും കണ്ണൂരുമായി നടന്ന ഗോവിന്ദൻ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
ഇതിൽ കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവിടുത്തെ പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ സി സുചിത്ര ഭീഷണി സന്ദേശമയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി തളിപ്പറമ്പിൽ എത്തുന്ന പരിപാടിയിൽ എല്ലാ തൊഴിലുറപ്പ് പണിക്കാർക്കും
നിർബന്ധമായും പങ്കെടുത്തിരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുചിത്രയുടെ ഭീഷണീ സന്ദേശം. മാത്രമല്ല എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും അന്നത്തെ പണി ഉപേക്ഷിച്ച് ജാഥയിൽ അണി ചേരണം എന്നും വന്നില്ലെങ്കിൽ ഇനി പണി ഉണ്ടാവില്ലെന്നും ഇവർ ഭീഷണി മുഴക്കുന്നു.
കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയും അതിലേക്കായി നൽകുന്ന ഫണ്ടും എങ്ങിനെയാണ് സി.പി.എം പാർട്ടി തങ്ങളുടെതായി കൈയ്യടക്കി വെച്ചിരിക്കുന്നതെന്നതിന്റെ തെളിവാണിത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പണി നിർത്തിവയ്ച്ച് മീറ്റീങ്ങിൽ എത്തിക്കണം എന്ന നിർദ്ദേശം പാർട്ടി തലപ്പത്ത് നിന്നും വന്നതാണോ, അതോ പ്രാദേശിക നേതാവിന്റെ കുബുദ്ധിയിൽ തോന്നിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഓരോ ബജറ്റിലും വൻ തുകയാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കായി നൽകുന്നത്. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഈ പദ്ധതിയാണിപ്പോൾ പ്രാദേശികമായി സി.പി.എം പാർട്ടി പിടിമുറുക്കിയിരിക്കുന്നത്. മുമ്പ് സി.പി.എം പരിപാടിക്ക് 50 രൂപ വീതം തൊഴിലുറപ്പ് പണിക്കാരിൽ നിന്നും പിടിക്കുന്നത് വിവാദമായിരുന്നു. പാർട്ടി പരിപാടിക്ക് ചിലവിലേക്കായിരുന്നു അന്ന് എല്ലാ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും നിർബന്ധിത പിരിവു നടത്തിയിരുന്നത്.
Post Your Comments