ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ താൻ നേരിട്ട വിമർശനത്തെക്കുറിച്ചും സൈബർ ആക്രമണത്തെ കുറിച്ചും മനസ് തുറന്ന് മുൻ നായകൻ വിരാട് കോഹ്‌ലി. ഒരു വിഭാഗം ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായിട്ടായിരുന്നു കണക്കാക്കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. വിവിധ മത്സരങ്ങളിൽ ദേശീയ ടീമിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിൽ താൻ വിജയിച്ചെങ്കിലും ട്രോഫികളുടെ അഭാവം വലിയ ചർച്ചാവിഷയമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, വിമർശനങ്ങൾ തന്നെ ഒരു ഘട്ടത്തിലും സ്വയം വിലയിരുത്താൻ ഇടയാക്കിയില്ലെന്നും തനിക്ക് കീഴിൽ വന്ന സാംസ്കാരിക മാറ്റത്തിൽ അഭിമാനിക്കുന്നുവെന്നും മുൻ ഇന്ത്യൻ നായകൻ ചൂണ്ടിക്കാണിച്ചു. ചാമ്പ്യൻസ് ട്രോഫി 2017, 2019 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2021 ലെ ടി20 ലോകകപ്പ് എന്നിവയിൽ ഞാൻ ക്യാപ്റ്റനായി. എന്നിട്ടും തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായിട്ടായിരുന്നു പലരും കണ്ടിരുന്നതെന്ന് ആർസിബി പോഡ്‌കാസ്റ്റിൽ കോഹ്‌ലി പറഞ്ഞു.
‘ആ കാഴ്ചപ്പാടിൽ നിന്ന് ഞാൻ എന്നെത്തന്നെ വിലയിരുത്തിയിട്ടില്ല. ഒരു ടീം എന്ന നിലയിലും ഒരു സാംസ്കാരിക മാറ്റമെന്ന നിലയിലും ഞങ്ങൾ നേടിയത് എനിക്ക് അഭിമാനകരമായ കാര്യമാണ്. ഒരു ടൂർണമെന്റ് ഒരു നിശ്ചിത കാലയളവിലേക്കാണ് നടക്കുന്നത്. എന്നാൽ, ക്രിക്കറ്റ് എന്ന വിനോദം ഒരു നീണ്ട കാലയളവിൽ നിൽക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ഒരു ലോകകപ്പ് നേടി. ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ചാമ്പ്യൻസ് ട്രോഫി നേടി. അഞ്ച് ടെസ്റ്റ് മാക്‌സുകൾ നേടിയ ടീമിന്റെ ഭാഗമാണ് ഞാൻ. നിങ്ങൾ ആ വീക്ഷണകോണിൽ നോക്കുകയാണെങ്കിൽ, ഇതുവരെ ഒരു ലോകകപ്പ് നേടാത്ത ആളുകളുണ്ട്’, കോഹ്ലി പറഞ്ഞു.
Post Your Comments