ന്യൂഡൽഹി: തങ്ങൾക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്ന് ബിബിസി. തങ്ങളെ മുന്നോട്ട് നയിക്കുന്നത് ലക്ഷ്യമാണെന്നും ബി.ബി.സി. ഡയറക്ടർ ജനറൽ ടിം ഡേവി അറിയിച്ചു. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഇ-മെയിലിലൂടെ നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താൽപര്യങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നതിൽ നിന്ന് പിന്മാറില്ല. പക്ഷപാതരഹിതമായി പ്രവർത്തിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. അക്കാര്യത്തിൽ ബി.ബി.സിയുടെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിലൂടെ വസ്തുതകളെ പിന്തുടരുക എന്നതാണ് ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments