ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം നരേന്ദ്ര മോദിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രൻ അദ്ദേഹത്തിന് കൃഷ്ണശിൽപ്പം സമ്മാനിച്ചു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചും പ്രധാമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
അതേസമയം,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്ല്യമാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. സർവ്വത്ര തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്. തട്ടിപ്പ് നടത്താൻ വേണ്ടി സർക്കാർ തലത്തിൽ തന്നെ പ്രത്യേകസംഘമുണ്ട്. പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെയും സർക്കാരിന്റെയും സ്വന്തക്കാരാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാർട്ടിക്കാരെ രക്ഷിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. ലൈഫ്മിഷൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് വിജിലിൻസ് ആണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments