കൊല്ലം: സ്വത്തിനായി അമ്മയെ മകൻ കൊലപ്പെടുത്തിയ കേസിൽ നാളെ കോടതി വിധി പറയും. നാലാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ സുനിൽ, ഇയാളുടെ സുഹൃത്ത് കൊല്ലം പുള്ളിക്കട ശങ്കർ നഗർ പുഷ്പ ഭവനിൽ കുട്ടൻ എന്നിവരാണു പ്രതികൾ. സാവിത്രിയമ്മയെ പ്രതികൾ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപ്പെടുത്തിയതെങ്ങനെയെന്ന് പ്രതികൾ വിശദീകരിച്ചപ്പോൾ ഞെട്ടിയത് നാട്ടുകാർ മാത്രമായിരുന്നില്ല, പോലീസും കൂടിയായിരുന്നു. അത്രമേൽ പൈശാചിക മനസോടെയായിരുന്നു സുനിൽ അമ്മയുടെ ജീവൻ അവസാനിപ്പിച്ചത്. സാവിത്രിയമ്മയുടെ പേരിലുള്ള വീടും വസ്തുവും തനിക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു സുനിൽ നിരന്തരമായി അമ്മയെ ഉപദ്രവിക്കുമായിരുന്നു. മകന്റെ ധൂർത്ത് സ്വഭാവം അറിയാവുന്ന സാവിത്രിയമ്മ ഇതിന് തയ്യാറായില്ല.
കൂടാതെ, വീടും വസ്തുവും മൂത്തമകളുടെ പേരിൽ എഴുതി നൽകാൻ തീരുമാനിച്ചതായും ഇതിനായി പ്രമാണം മകളെ ഏൽപ്പിച്ചുവെന്നും സാവിത്രിയമ്മ സുനിലിനെ അറിയിച്ചു. ഇതിൽ പ്രകോപിതനായ സുനിൽ അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ബോധരഹിതയായ സാവിത്രിയമ്മയെ കുഴിച്ചുമൂടാൻ സുനിൽ തീരുമാനിച്ചു. ഇതിനായി, സുഹൃത്ത് കുട്ടനെ വിളിച്ച് വരുത്തി. കുഴിയെടുത്ത് അതിലേക്ക് ശരീരം ഇറക്കിവെയ്ക്കുമ്പോൾ സാവിത്രിയമ്മയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ, പക കൊണ്ട് നീറിയ സുനിൽ യാതൊരു ദയയും കാണിക്കാതെ മണ്ണിട്ട് മൂടുകയായിരുന്നു. മൂത്ത മകളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments