പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഓർത്തഡോക്സ് സഭ ഡീക്കൻ മരിച്ചു. റാന്നി മാന്നാക്കുഴിയിൽ ഫാ. എം.വി. മാത്യൂസിന്റെ മകൻ ഡീക്കൻ ബെനോജി മാത്യൂസാ(45)ണ് മരിച്ചത്.
പിഎം റോഡിൽ മൈലപ്ര പള്ളിപ്പടിക്കും ജംഗ്ഷനും മധ്യേയുള്ള ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ന് ആണ് അപകടമുണ്ടായത്. പത്തനാപുരം മൗണ്ട് താബോർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ ഡീക്കൻ സ്കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണംവിട്ടു റോഡരികിലെ പഴയ കലുങ്കിന്റെ കുഴിയിലേക്കു മറിയുകയായിരുന്നു. പിഎം റോഡിൽ നിർമാണം പൂർത്തിയാക്കാനുള്ള ഭാഗമാണിത്.
Read Also : ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം
അപകടത്തിനിടെ ഹെൽമറ്റ് തെറിച്ചുപോയതോടെ തലയ്ക്കു സാരമായി പരിക്കേറ്റു കിടന്ന ഡീക്കൻ ബെനോജിയെ അതുവഴിയെത്തിയ ജീപ്പിൽ ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കേറ്റ പരിക്കു ഗുരുതരമെന്നു കണ്ടതോടെ ആംബുലൻസിൽ പരുമല ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടർന്ന്, ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരിച്ചു.
മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.
Post Your Comments