ഇന്നലെ മുതൽ ഫീഡിലെങ്ങും നിറഞ്ഞു നില്ക്കുന്നത് ശ്രീ.സുരേഷ് ഗോപിയും അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെയുള്ള പ്രതിഷേധ – പ്രതികരണങ്ങളുമാണ്. ശിവരാത്രി ആഘോഷങ്ങളോട് ബന്ധപ്പെട്ട പ്രസംഗത്തിലെ വിവാദമായ ഭാഗങ്ങൾ ഇങ്ങനെയാണ് – എന്‍റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും.
read also: ഉണ്ണി മുകുന്ദനെ തോൽപ്പിച്ചത് മലയാളികളുടെ പ്രിയ താരത്തിന്റെ മകൻ!! സോഷ്യൽ മീഡിയയിൽ താരമായി അഖിൽ
പ്രചരിച്ചിരുന്ന വീഡിയോകളിലെല്ലാം ഈ ഒരു ഭാഗമാണ് ഉണ്ടായിരുന്നത്. കേട്ടപ്പോൾ അത്ഭുതത്തിനൊപ്പം വളരെ വലിയ നിരാശ തോന്നിയെന്നത് സത്യം. അദ്ദേഹത്തിൻ്റെ മാനവികമായ പ്രവർത്തികൾ പലതും നേരിൽ കണ്ടും അറിഞ്ഞും ഈശ്വരാംശം ഉള്ള മനുഷ്യനെന്ന് പലവുരു ഞാൻ തന്നെ പറയുകയും എഴുതിയിട്ടുമുള്ള SG എന്ന വലിയ മനുഷ്യന് ഇങ്ങനെയൊക്കെ പറയാനാവുമോ എന്ന സന്ദേഹത്തോടെ ആ പ്രസംഗം മുഴുവനായി കേട്ടു. ഈ പറയുന്ന വിശ്വാസി- അവിശ്വാസി ഡയലോഗുകൾക്ക് മുമ്പ് അദ്ദേഹം മതങ്ങളെ കുറിച്ചും മതതത്ത്വങ്ങളെ കുറിച്ചും ഇതരമതങ്ങളോടും വിശ്വാസങ്ങളോടും തനിക്കുള്ള സ്നേഹവും ബഹുമാനവും ഒക്കെ വിശദമായി പറയുന്നുണ്ട്. അത് ആർക്കും കേൾക്കണ്ട; അതിലെ നന്മയും സാരാംശവും ചർച്ചയും ചെയ്യേണ്ട. അത് ഇങ്ങനെയാണ് – ഞാൻ എൻ്റെ മതത്തിലെ ഈശ്വരൻമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും എനിക്ക് മറ്റ് മതത്തിലെ ഈശ്വരൻമാരെ സ്നേഹിക്കാൻ കഴിയും. എൻ്റെ മത ഗ്രന്ഥങ്ങൾ എന്ന് എനിക്ക് പറയാൻ അവകാശം ഇല്ലെങ്കിൽ പോലും എൻ്റെ മതത്തിന്റെ തത്വങ്ങൾ സ്ഫുരിക്കുന്ന എഴുത്തുകുത്തുകൾ ഞാൻ മാനിക്കുന്നുണ്ടെങ്കിൽ ഖുറാനെയും ബൈബിളിനെയും കിതാബിനെയും എനിക്ക് മാനിക്കാൻ കഴിയും. ഏറ്റവും പോസിറ്റീവായ ഈ വരികൾക്ക് ശേഷമാണ് സകലമാന ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും മത്സരിച്ച് തലക്കെട്ട് നല്കിയ വിവാദ വാചകങ്ങൾ വരുന്നത്.
അത് ഇങ്ങനെ തുടരുന്നു.
അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാൽ രാഷ്ട്രീയം സ്ഫുരിക്കും. അതുകൊണ്ട് പറയുന്നില്ല. വിശ്വാസി സമൂഹത്തിന്‍റെ അതിര്‍ത്തിയില്‍ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോക നന്‍മയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിക്കോളാം. അവിശ്വാസികളും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറേണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് .
ഇത്രയുമാണ് ആ പ്രസംഗത്തിലെ കാതലായ ഭാഗം. ശരി ഇനി അദ്ദേഹം പറഞ്ഞതിലെ ശരികേടുകൾ നോക്കാം. വിശ്വാസികളെ സ്നേഹിക്കുന്ന അദ്ദേഹത്തിന് അവിശ്വാസികളോട് തരിമ്പും സ്നേഹമില്ല എന്നു പറയുമ്പോൾ അത് വിശ്വാസികളായ ഹിന്ദുക്കളോട് മാത്രമല്ല സ്നേഹമെന്നും ഇഷ്ടമില്ല എന്നു പറയുന്ന അവിശ്വാസികൾ ഏത് തരം അവിശ്വാസികളാണെന്നും മനസ്സിലാകാതെ ഒന്നുമല്ല പ്രബുദ്ധ ബുദ്ധിജീവി ലോകം അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. നാസ്തികരായവർക്ക് സുരേഷ് ഗോപി വിശ്വസിക്കുന്ന ഈശ്വരനോടും ശ്രീകോവിലിനോടും വിശ്വാസമില്ലാത്തിടത്തോളം അദ്ദേഹത്തിൻ്റെ പ്രാർത്ഥന / പ്രാക്ക് അവരെ ബാധിക്കാത്ത കാര്യമാണല്ലോ. അതിനാൽ അവർക്ക് ഈ പ്രസംഗം കേട്ട് പൊള്ളില്ല. പിന്നെ പൊളിറ്റിക്കൽ കറക്ട്നെസ്സ് അഥവാ പൊ ക ടീമുകൾക്ക് ഈ വാചകത്തോട് പൊരുത്തപ്പെടാനാവില്ല. അവർ അതിലെ അവിശ്വാസികളുടെ സർവ്വനാശത്തിനായി പ്രാർത്ഥിക്കുമെന്ന വാചകം പൊക്കിപ്പിടിച്ച് നാളിതുവരെ എം പി എന്ന നിലയിലും അല്ലാതെയും SG ചെയ്ത സകലമാന നന്മകളെയും റദ്ദ് ചെയ്തു കൊണ്ട് അദ്ദേഹത്തിലെ സംഘിരാഷ്ട്രീയക്കാരനെ മാത്രം കാണുന്നു. അത് എന്നും അങ്ങനെയാണല്ലോ.
ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ ചർച്ച ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഇന്ന് SG യ്ക്കെതിരെ കടുത്ത വിമർശനവുമായി വന്നിരിക്കുന്ന പലരും രണ്ട് മൂന്ന് ദിവസം മുമ്പ് കണ്ണൂരിലെ പരസ്പരം ചെളി വാരൽ കണ്ട് കമാന്നൊരക്ഷരം മിണ്ടാത്തവരാണ്. രാഷ്ട്രീയവൈരത്തിൻ്റെ പേരിൽ ഒരു ചെറുപ്പക്കാരനെ ( ഷുഹൈബ്) വെട്ടിക്കൊന്നവൻ നടത്തിയ വെളിപ്പെടുത്തൽ കേട്ടിട്ട്, അത് ക്വട്ടേഷൻ ആണെന്ന്, (അതും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ) അറിഞ്ഞിട്ടും ഉണരാത്ത മാനവികതയും മനുഷ്യ സ്നേഹവും ഒരൊറ്റ വാചകം കേട്ട് ഞെട്ടിയെണീറ്റുവെങ്കിൽ അത് ചീപ്പ് രാഷ്ട്രീയം. പ്രത്യയ ശാസ്ത്ര സംഹിതയ്ക്കെതിരെ നില്ക്കുന്നവരെ 51 വെട്ട് കൊണ്ട് കൊത്തി അരിഞ്ഞപ്പോഴും നിരായുധരായ രണ്ട് ചെറുപ്പക്കാരെ ഇരുട്ടിൻ്റെ മറവിൽ ‘പെരിയ’ വാക്കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയപ്പോഴൊന്നും ഉണരാത്ത മാനവികത ഒരു മനുഷ്യൻ്റെ പ്രാക്ക് കേട്ട് ഉണരുന്നുവെങ്കിൽ ആ മാനവികത എടുത്ത് നാലായി മടക്കി പോക്കറ്റിൽ വച്ചോളൂ.
അദ്ദേഹം അവിശ്വാസികളെ വെട്ടിയരിയുമെന്നോ കൊത്തി അരിയുമെന്നോ പറഞ്ഞില്ല. പാടത്ത് പണി വരമ്പത്ത് കൂലി എന്ന് അണികളോട് പറഞ്ഞ് അവിശ്വാസികളെ കൊന്നൊടുക്കാൻ പറഞ്ഞില്ല .ആചാര വിശ്വാസങ്ങളെ തച്ച് തകർക്കുന്നവരെ ഇല്ലാതാക്കാൻ ആ ശ്രീകോവിലിന് മുന്നിൽ ചെന്നു നിന്ന് പ്രാർത്ഥിക്കണമെന്നേ പറഞ്ഞുള്ളൂ. അത് കേട്ട് നാസ്തികർക്ക് പൊള്ളാത്തത് അവർ ഇരുട്ടിൻ്റെ മറ പിടിച്ച് വിശ്വാസികളെ നോവിച്ച് ആചാരം ലംഘിക്കാൻ മുതിർന്നില്ലല്ലോ. ഒപ്പം ഈശ്വരനിലേ വിശ്വാസമില്ലാത്തവർക്ക് പ്രാർത്ഥന കൊണ്ട് എന്ത് ഹാനി സംഭവിക്കുമെന്ന് ഭയക്കാനാണ്? സത്യത്തിൽ, SG യുടെ വാചകം പൊള്ളിപ്പിച്ചത് ഹൈന്ദവ വിശ്വാസങ്ങൾക്ക് മേലെ മാത്രം കുതിര കയറി ശീലിച്ച ദാറ്റ് സെയിം പ്രീണന പുരോഗമികളെ മാത്രമാണ്. പുറമേയ്ക്ക് ഹൈന്ദവ ദൈവങ്ങളെ വിശ്വാസമില്ലെന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ട് നോക്കി സുഖിപ്പിക്കുമെങ്കിലും തലയിൽ മുണ്ടിട്ട് ഭഗവാനെ കണ്ട് ആവശ്യപ്പട്ടിക നിരത്തുന്ന ഫേക്ക് ടീമുകൾക്ക് ആ പ്രാക്ക് കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്. അതാണ് ഈ കരച്ചിൽ. ക്വട്ടേഷന്‍ കൊടുത്താല്‍ അതേറ്റെടുക്കുന്ന, അപരനെ ദ്രോഹിക്കുന്ന ദൈവം വൃത്തികെട്ട സങ്കല്‍പ്പമാണോ എന്ന് കരയുന്നവർ ഒരു കാര്യം മനസ്സിലാക്കണം ക്വട്ടേഷന്‍ കൊടുക്കുന്ന, അപരനെ തച്ചുടയ്ക്കുന്ന തമ്പ്രാക്കന്മാർ വൃത്തികെട്ട യാഥാർത്ഥ്യമായി മുന്നിലുള്ള നാടിൻ്റെ പേരാണ് കേരളം.
ലോക സമസ്ത സുഖിനോ ഭവന്തു എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഞാനെന്ന സനാതന വിശ്വാസിക്ക് കർമ്മത്തിൽ വിശ്വാസമുണ്ട്. പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഹൃദയം വിശാലമാകുന്നതായി ഞാൻ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള പ്രാർത്ഥനയിലൂടെ അഹങ്കാരത്തിന്റേതായ പാളികൾ ഭേദിച്ച്, നമ്മുടെ യഥാർത്ഥ സത്തയുമായി നമുക്ക് കൂടിച്ചേരാനാകുമെന്നും നമ്മളും ഈ ലോകത്തിന്റെ ഭാഗമായതുകൊണ്ട് ഈ പ്രാർത്ഥനയുടെ ഫലം നമുക്കും ലഭിക്കുന്നുമുണ്ട്. അത് എൻ്റെ വിശ്വാസം. എന്നു വച്ച് അങ്ങോട്ട് യാതൊരു വിധ ദ്രോഹവും ചെയ്യാതെ ഇരിക്കുന്ന എന്നെ ഇങ്ങോട്ട് കയറി വെറുതെ ചൊറിയാൻ വന്നാൽ ആ ലോക സമസ്ത സുഖിനോ ഭവന്തു പ്രാർത്ഥന മാറ്റി വച്ച് തിരികെ നല്ല അസ്സലായി മാന്താനും അറിയാം.
മനുഷ്യത്വത്തിന് രാഷ്ട്രീയം ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേർത്തും പേർത്തും തെളിയിച്ചുക്കൊണ്ടേയിരിക്കുന്ന ഒരു മനുഷ്യനെ ഒരു പ്രസംഗത്തിലെ ഒരു വാചകത്തിൻ്റെ പേരിൽ തല്ലാൻ വടി വെട്ടുന്നവർക്ക് അങ്ങനെ ചെയ്യാം. നോവുന്ന മനുഷ്യർക്ക് സാന്ത്വനവും സമാശ്വാസവും സ്നേഹവും വാരിക്കോരിക്കൊടുക്കുന്ന ഒരു മനുഷ്യനെതിരെ തിരിഞ്ഞു കൊത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് പ്രബുദ്ധരേ. മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതത്തിൻ്റെ ഭാഗമാക്കിയ മനുഷ്യന് സഹജീവികളെ സ്നേഹിക്കാനേ കഴിയൂ. അതുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയം മാത്രം നോക്കി മാറ്റിനിറുത്തിയാലും അദ്ദേഹം നിങ്ങളിൽ നിന്നും മാറി നില്ക്കാത്തത്.
രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞു വീണ ജീവനുകൾ വട്ടവടയിലായിരുന്നാലും പെരിയയിലായിരുന്നാലും ഉറ്റവരുടെ വേർപാടിൽ വെന്തെരിയുന്നവർക്ക് ഒരിറ്റു സാന്ത്വനം പകരാൻ അദ്ദേഹമെത്തിയിരിക്കും. തൂങ്ങി നിന്നാടിയ കുരുന്നുകൾ വാളയാറിലാവട്ടെ വണ്ടിപ്പെരിയാറിലാവട്ടെ പുത്രദു:ഖത്തിൽ നീറിപ്പിടയുന്നവരെ ചേർത്തണയ്ക്കാൻ അദ്ദേഹമുണ്ടാവും. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി ‘സാണകം ‘ സവിട്ടാൻ റെഡിയാവുന്ന പ്രബുദ്ധർക്ക് അന്നേരം സാണകം പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നത് സുരേഷ് ഗോപിക്ക് സമം സുരേഷ് ഗോപിയേ ഉള്ളുവെന്ന ബോധ്യം കൊണ്ടാണ്.
SG
❤️❤️❤️❤️
അഞ്ജു പാർവതി
Post Your Comments