ചാലക്കുടി: മേലൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. ചാലക്കുടി ശാസ്താംകുന്ന് പ്ലാംകുടി വീട്ടിൽ മണിക്ക് (75) ആണ് സാരമായ പരിക്കേറ്റത്. സഹായിക്കാനെത്തിയ നിരവധി പേർക്കും അപകടത്തിൽ പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പരുന്തിന്റെ ആക്രമണത്തിൽ വഴിയരികിലെ മരത്തിലെ തേനീച്ചക്കൂട് താഴേക്ക് അടർന്നുവീഴുകയായിരുന്നു. വസ്തു ബ്രോക്കറായ മണി ഈ സമയത്താണ് അതിലൂടെ നടന്നുപോയത്. തേനീച്ചകൾ ഇദ്ദേഹത്തെ കൂട്ടമായി ആക്രമിച്ചു. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളെയും തേനീച്ചകൾ ആക്രമിച്ചു. ശക്തമായ ആക്രമണത്തെ തുടർന്ന് ഇവർ പിന്തിരിഞ്ഞോടി.
പ്രദേശത്തെ വീടുകളിലെ താമസക്കാർ വാതിലും ജനലും അടച്ച് സുരക്ഷിതരായി. തുടർന്ന്, ഹെൽമറ്റും റെയിൻകോട്ടും ധരിച്ച് ഏതാനുംപേർ തിരിച്ചെത്തിയാണ് മണിയെ രക്ഷപ്പെടുത്തിയത്. ഇവർ ചൂട്ട് കത്തിച്ച് തേനീച്ചകളെ ഒതുക്കി. അപ്പോഴേക്കും മണി അവശനായി നിലത്ത് കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചെവിയിലേക്കും മറ്റും നിരവധി തേനീച്ചകൾ കടന്നു.
ഉടനടി ആംബുലൻസിൽ ചാലക്കുടി താലുക്ക് ആശുപത്രിയിലെത്തിച്ചു. തേനീച്ചകളെ ചെവിയിൽനിന്ന് അടിയന്തരമായി നീക്കം ചെയ്തു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Post Your Comments