കണ്ണൂർ: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ പോലീസ് സംരക്ഷണയിൽ ഇരുന്ന് ഭാര്യ അമല ഗുരുതര ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ അർജുൻ രംഗത്ത് വന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്നമാണെന്നും, അവളോട് സഹതാപം തോന്നുന്നവർ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും പരിഹസിച്ചുകൊണ്ടുള്ള അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. ഇതിനിടെ, അമലയെ പരിഹസിച്ച് കൊണ്ട് അർജുൻ മറ്റൊരു പോസ്റ്റും പങ്കുവെച്ചു. ‘വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റിയ പരമശിവം’ എന്ന തലക്കെട്ടിൽ സ്വന്തം ഫോട്ടോയാണ് അർജുൻ പങ്കുവെച്ചത്. നിലവിലെ സാഹചര്യത്തിൽ അമലയെയും, വിവാദങ്ങളെയുമാണ് ഇതിലൂടെ അർജുൻ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
നേരത്തെ, അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന ആരോപണവുമായി അമല തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു രംഗത്തെത്തിയത്. താൻ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്. നിറത്തിന്റെ പേരിൽ അർജുന്റെ വീട്ടുകാർ തന്നെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും വിവാഹത്തിന് മുൻപ് തന്റെ ഗർഭഛിദ്രം നടത്തിയെന്നും അമല പറഞ്ഞിരുന്നു.
അതേസമയം, തന്റെ ഭാര്യയ്‌ക്കെതിരെ കടുത്ത പരിഹാസങ്ങളാണ് അർജുൻ ആയങ്കി നടത്തിയത്. അമലയുടെ അമ്മ പറഞ്ഞത് അവൾക്ക് ബാധ കൂടിയതാണ് എന്നാണെന്നും, മുൻപും ഇതുപോലെ ഉണ്ടായിട്ട് പൂജ ചെയ്ത് മാറ്റിയതാണ് എന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. തനിക്ക് ബാധയിലൊന്നും വിശ്വാസമില്ലാത്തതിനാൽ കണ്ണൂരിൽ ഡോക്ടറെ കാണിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും അർജുൻ ആയങ്കി ആരോപിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അർജുന്റെ ആരോപണം.
Leave a Comment