പാലക്കാട്: ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനെയാണ് വാളയാറിൽ വെച്ച് എക്സൈസ് പതിവ് വാഹന പരിശോധനയ്‌ക്കിടെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് എക്സൈസ് വ്യക്തമാക്കി.
ഒന്നര വർഷം മുൻപുവരെ വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന നിസാമുദ്ദീൻ പിന്നീട് ഫോട്ടോഗ്രഫിയിലേക്കു തിരിയുകയായിരുന്നു. ഫോട്ടോയെടുക്കാൻ എന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തും. ഈ രീതിയിൽ ബെംഗളൂരുവിൽ നിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്.
ജീൻസിന്റെ പോക്കറ്റിലാണ് നിസാമുദ്ദീൻ ലഹരി ഒളിപ്പിച്ചിരുന്നത്. ദൂരയാത്ര ചെയ്യുന്നതായി തെളിയിക്കാൻ ഇയാൾ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും കരുതിയിരുന്നു എന്നും ഇയാളുടെ ഫോൺ രേഖകൾ പ്രകാരം, നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞുവെന്നും എക്സൈസ് വ്യക്തമാക്കി.
Post Your Comments