
ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങളിലൊന്നാണ് ഓരോ പ്രണയദിനവും. പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്ക് വേണ്ടി ഫെബ്രുവരി 14 ലോകം മുഴുവൻ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രമായി തയ്യാറാക്കിയ ഡേറ്റിംഗ് ആപ്പുകൾ യുവതലമുറകൾക്കിടയിൽ മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാൽ, ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെച്ച് പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഡേറ്റിംഗ് ആപ്പുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യയിൽ ജനപ്രീതി നേടിയ പ്രധാന ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് ഈ പ്രണയദിനത്തിൽ പരിചയപ്പെടാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഡേറ്റിംഗ് ആപ്പാണ് ടിൻഡർ (Tinder). ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ മികച്ച ഇടം കൂടിയാണ് ടിൻഡർ. വളരെ എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാനും, ഉപയോഗിക്കാനും, സ്വകാര്യത നിലനിർത്താനുമുള്ള ഫീച്ചറാണ് ടിൻഡറിനെ മറ്റ് ഡേറ്റിംഗ് ആപ്പുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. നിലവിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഏകദേശം 100 മില്യൺ ആളുകളാണ് ടിൻഡർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.
അടുത്ത ജനപ്രിയ ഡേറ്റിംഗ് ആപ്പാണ് ട്രൂലിമാഡ്‌ലി (TruelyMadly). ഏകദേശം അഞ്ച് മില്യൺ ഉപയോക്താക്കളാണ് ഈ ആപ്പിന് ഉള്ളത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് ട്രൂലിമാഡ്‌ലി. കൂടാതെ, ഓരോ ഘട്ടങ്ങളിലായി പ്രൊഫൈൽ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനാൽ, ഫേക്ക് അക്കൗണ്ടുകളുടെ എണ്ണവും താരതമ്യേന കുറവാണ്.
ഡേറ്റിംഗ് ആപ്പുളിൽ മികച്ച ഒന്നാണ് ഹാപ്പൻ (Happen). ഇഷ്ടപ്പെട്ടവരെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഹാപ്പൻ സഹായിക്കുന്നു. കൂടാതെ, ഫേക്ക് അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കുന്നതാണ്. വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഡേറ്റിംഗ് ആപ്പാണ് ഹാപ്പൻ. ഏകദേശം 50 മില്യൺ ഉപയോക്താക്കൾ പ്ലേസ്റ്റോറിൽ നിന്നും ഹാപ്പൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
Post Your Comments