ഗോവ: വീട്ടുകാരോട് പറയാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവാവും യുവതിയും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിഭു ശര്‍മ (27) സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഗോവ പാലോലം ബീച്ചിലാണ് ദാരുണ സംഭവം.
സുപ്രിയയുടെ മൃതദേഹം ബീച്ചിലടിഞ്ഞതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. ഇവരാണ് ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചതും. പിന്നാലെ വിഭുവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കൊങ്കണ്‍ പോലീസ് പറയുന്നതനുസരിച്ച് സുപ്രിയയും വിഭുവും അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു. സുപ്രിയ ബെംഗളൂരുവിലും വിഭു ഡല്‍ഹിയിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ബന്ധുക്കളായിരുന്നുവെന്നും ഗോവയിലാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇവരെ കണ്ടതായി നാട്ടുകാരും പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അപകടം എങ്ങനെ ഉണ്ടായി എന്നതടക്കം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Post Your Comments