Article

പ്രണയത്തിന്റെ ദിനമായി ഫെബ്രുവരി 14 തന്നെ തിരഞ്ഞെടുക്കാന്‍ എന്താവാം കാരണം? ചരിത്രം അറിയാം

ഫെബ്രുവരി 14. പ്രണയത്തിന്റെ ദിനം, പ്രണയിക്കുന്നവരുടെ ഇഷ്ടദിനം. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ട ദിനമാണിത്. മനസിലെ പ്രണയം തുറന്നു പറയാനും പങ്കിട്ടുകൊണ്ടിരിക്കുന്ന പ്രണയം പുതുക്കാനും ഓരോ വര്‍ഷവും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ പ്രണയത്തിന്റെ ദിനമായി ഫെബ്രുവരി 14 തന്നെ തിരഞ്ഞെടുക്കാന്‍ എന്താവാം കാരണം? അതിനു പിന്നില്‍ അല്പം ചരിത്രമുണ്ട്, ഈ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും പ്രണയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിഞ്ഞിരിക്കാം.

ഫെബ്രുവരി 14 എന്ന തീയതിയുടെ ആദ്യകാല ചരിത്രം:

പണ്ട്, റോമാക്കാര്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ ലുപ്പര്‍കാലിയയുടെ പെരുന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നു. ഈ ആഘോഷവേളയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേരുകള്‍ എഴുതി പുരുഷന്മാര്‍ നറുക്കെടുക്കുകയും ഓരോരുത്തരും തനിക്ക് ലഭിച്ച സ്ത്രീകളെ കണ്ടെത്തി അവരോട് സ്‌നേഹ പ്രകടനങ്ങള്‍ നടത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്ന ഈ രീതി പ്രണയത്തിലേക്കും ചിലപ്പോള്‍ വിവാഹത്തിലേക്കും നയിച്ചു. ഇതിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 14 ന് പ്രണയദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം.

സെന്റ് വാലന്റൈന്‍

ക്രിസ്ത്യന്‍ യുവാക്കളെ വിവാഹം കഴിക്കാന്‍ രഹസ്യമായി സഹായിച്ചതായി വിശ്വസിക്കപ്പെടുന്ന സെന്റ് വാലന്റൈന്‍ എന്ന പുരോഹിതന്റെ പേരിലാണ് വാലന്റൈന്‍സ് ഡേ അറിയപ്പെടുന്നത്. അക്കാലത്ത് റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസ് രണ്ടാമന്‍ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനാല്‍ അതിനെതിരെയുള്ള നീക്കമായിരുന്നു ഇത്. അവിവാഹിതരായ പുരുഷന്മാരാണ് മികച്ചവരും കൂടുതല്‍ അര്‍പ്പണബോധമുള്ളവരുമായ സൈനികരെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

എന്നാല്‍, ഈ പ്രത്യയശാസ്ത്രത്തോട് യോജിക്കാതെ വാലന്റൈന്‍ പ്രണയത്തിലായവരുടെ വിവാഹങ്ങള്‍ സുഗമമാക്കി. ഇക്കാരണത്താല്‍, ചക്രവര്‍ത്തി അദ്ദേഹത്തെ ശിരഛേദം ചെയ്തു. ശിരഛേദം ചെയ്യപ്പെടുന്നതിന് മുമ്പ്, തടവിലായിരുന്ന സമയത്ത് വാലന്റൈന്‍ തന്റെ സഹതടവുകാരെയും ജയിലറുടെ അന്ധയായ മകളെയും പരിചരിച്ചിരുന്നു. വാലന്റൈന്‍ പെണ്‍കുട്ടിയുടെ അന്ധത മാറ്റിയെന്നുമാണ് ചരിത്രം പറയുന്നത്. കാഴ്ച തിരിച്ചുകിട്ടിയ പെണ്‍കുട്ടിയ്ക്ക് ‘ എന്ന് നിങ്ങളുടെ വാലന്റൈന്‍’ എന്ന് രേഖപ്പെടുത്തിയ പ്രണയലേഖനം നല്‍കിയെന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഇതിന് ശേഷം ഫെബ്രുവരി 14-ന് അദ്ദേഹത്തെ വധിച്ചു. ഈ സംഭവം നടന്ന് 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെബ്രുവരി 14 സെന്റ് വാലന്റൈന്‍സ് ദിനമായി പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button