ന്യൂഡൽഹി: തുർക്കിയ്ക്ക് സഹായ വസ്തവുമായി ഇൻഡിഗോ വിമാന കമ്പനി. സൗജന്യ കാർഗോ സർവ്വീസ് വാഗ്ദാനം ചെയ്താണ് ഇൻഡിഗോ രംഗത്തെത്തിയിട്ടുള്ളത്. തുർക്കിയിലേക്ക് സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി കേന്ദ്ര സർക്കാർ അടിയന്തിര യോഗം വിളിച്ചു ചേർത്തിരുന്നു. തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് തുർക്കിയ്ക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ഇൻഡിഗോ അറിയിച്ചത്.
ചരക്ക് വിമാനങ്ങളിലാകും ഇൻഡിഗോ സഹായങ്ങളെത്തിക്കുക. ബോയിംഗ്-777 വിമാനം വഴിയാണ് നിലവിൽ തുർക്കിയിൽ സഹായമെത്തിക്കുന്നത്. ഇതിന് പുറമേയാണ് കൂടുതൽ സഹായം നൽകുമെന്ന് വിമാന കമ്പനി വ്യക്തമാക്കിയത്.
അതേസമയം, രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലെ അദാനയിലെത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം തുർക്കിയിലെത്തിയത്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘമാണ് തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും ഇന്ത്യ നൽകിയിട്ടുണ്ട്.
Post Your Comments