Latest NewsNewsInternational

പാകിസ്ഥാനിലെ മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 50 ഓളം പേർ, നൂറിലധികം പേർക്ക് പരിക്ക്

പെഷവാര്‍: പാകിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണത്തിൽ ഏകദേശം 50 തിലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 100 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഒരു ഇമാമും ഉള്‍പ്പെടുന്നു. പൊലീസ് ലൈനിലുള്ള പള്ളിയില്‍ പ്രാദേശികസമയം 1.40ന് പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ ചാവേർ ആക്രമണമെന്ന് പാക് പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് വിശേഷിപ്പിച്ചു.

പെഷവാറിലെ പൊലീസ് ലൈൻസ് ഏരിയയ്ക്ക് സമീപം ഉച്ചയ്ക്ക് 1:40 ഓടെ ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് മാരകമായ സ്‌ഫോടനം നടന്നത്. നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. മസ്ജിദിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ നിലത്ത് അവശിഷ്ടങ്ങൾ കാണാം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരു വശം പൂർണമായും തകർന്ന നിലയിലാണുള്ളത്.

വിശ്വാസികളുടെ മുന്‍നിരയില്‍ ഇരുന്നയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം പെഷാവറിലെ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button