ദുബായ്: വിമാനം തട്ടിക്കൊണ്ടുപോയെന്ന് വ്യാജസന്ദേശം അയച്ച എൻജിനീയർ അറസ്റ്റിൽ. താൻ യാത്ര ചെയ്യുന്ന വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്ത ദുബായിലെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അറസ്റ്റിലായത്. ദുബായിലെ ഒരു ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശി മോത്തി സിങ് റാത്തോഡാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഡൽഹി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആളുകളെ ഭയപ്പെടുത്തി ശ്രദ്ധ നേടുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇയാൾ ഇത്തരമൊരു പ്രവർത്തനം നടത്തിയത്. ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് റാത്തോഡ് യാത്ര ചെയ്തിരുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ വിമാനം ന്യൂഡൽഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. ഉച്ചയ്ക്ക് ശേഷമാണ് പുറപ്പെടാനുള്ള അനുമതി ലഭിച്ചത്. എസ്ജി 58 ദുബായ് ടു ജയ്പൂർ ഹൈ ജാക്ക് എന്നായിരുന്നു ഇയാൾ ട്വീറ്റ് ചെയ്തിരുന്നത്. ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
വളരെ ഗുരുതരമായ കുറ്റമാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാലോ അഞ്ചോ മണിക്കൂർ വിമാനം നിർത്തിയിട്ടതിനാൽ ആ ദേഷ്യവും നിരാശയുമാണ് ട്വീറ്റ് ചെയ്യാൻ കാരണമെന്ന് റാത്തോഡ് പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments