ന്യൂഡൽഹി: ടെലിവിഷൻ- റേഡിയോ പരിപാടികളുടെ കൈമാറ്റം സംബന്ധിച്ച കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഈജിപ്തും. പ്രസാർ ഭാരതിയും ഈജിപ്ത് നാഷണൽ മീഡിയ അതോറിറ്റിയും തമ്മിലുള്ള ആമുഖ കൈമാറ്റവും നിർമ്മാണവും സുഗമമാക്കുന്നതിനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് കരാറിട്ടിൽ ഒപ്പിട്ടത്.
ഇന്ത്യയും ഈജിപ്തും അവരവരുടെ റേഡിയോ, ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യുന്ന കായിക, സാംസ്കാരിക, വിനോദ വാർത്തകളും ഇതുമായി ബന്ധപ്പെട്ട പരിപാടികളും കരാറടിസ്ഥാനത്തിൽ കൈമാറും. മൂന്ന് വർഷത്തേക്കാണ് കരാർ. സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിലൂടെ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിഡി ഇന്ത്യ ചാനലിന്റെ വ്യാപനം വിപുലീകരിക്കാനാണ് കരാറിലൂടെ പദ്ധതിയിടുന്നത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേ ഹസൻ ഷൗക്രിയും ചേർന്നാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഇന്ത്യയുടെ പ്രസാർ ഭാരതിക്ക് നിലവിൽ ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ സഹകരണത്തിനായി വിദേശ പ്രക്ഷേപകരുമായി 39 ധാരണാപത്രങ്ങളാണ് നിലനിൽക്കുന്നത്.
Post Your Comments