കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനു മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘സംവാദകൻ, നിരീക്ഷകൻ, വക്കീൽ എന്നീ നിലകളിൽ ഞാൻ ചർച്ചകളിൽ പങ്കെടുക്കുന്നു എന്ന് ആക്ഷേപ ധ്വനിയോടെയാണ് താങ്കൾ പറയുന്നത്. സംവാദത്തിൽ ഏർപ്പെടുന്നയാളാണ് സംവാദകൻ. രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആളാണ് നിരീക്ഷകൻ. രണ്ടും എന്റെ ഇടപെടലിനെ സൂചിപ്പിക്കുന്ന പദങ്ങളാണ്. എന്നാൽ വക്കീൽ എന്ന നിലയിൽ ഞാൻ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ല’ എന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു
read also: വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച പ്രതിഷേധത്തിനിടെ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു
കുറിപ്പ്
പ്രിയപ്പെട്ട ഷമാ മുഹമ്മദ്: Dr. Shama Mohamed
താങ്കൾ എന്നെ ‘ആട്ടിൻ തോലിട്ട ചെന്നായ’ എന്ന് ഫേസ്ബുക്കിൽ വിളിച്ചത് ശ്രദ്ധിച്ചു. ചാനൽ ചർച്ചയിൽ മുൻപും പല വിശാലമനസ്കരും സമാന വിശേഷണങ്ങൾ എനിക്ക് കല്പിച്ച് തന്നിട്ടുണ്ട്. ധീരർ മുഖത്തു നോക്കി പറയും, മറുപടി വാങ്ങി കക്ഷത്തിൽ വയ്ക്കും. ഭീരുക്കൾ കണ്ടം വഴി ഓടിയിട്ട് ഫേസ്ബുക്കിൽ പോസ്റ്റിടും. അത്രയേ ഞാൻ കരുതിയിട്ടുള്ളൂ.
ആദ്യമേ പറയട്ടെ, താങ്കൾക്ക് ഒരു ഭാഷാശുദ്ധി കൈവന്നിട്ടുണ്ട്. ‘എടോ’ എന്ന് വിളിച്ചിടത്തു നിന്നും “താങ്കൾ” എന്നും ‘ശ്രീ ശ്രീജിത് പണിക്കർ’ എന്നുമൊക്കെ പറയാൻ ശീലിച്ചല്ലോ. നന്ന്.
ഇനി വിഷയത്തിലേക്ക് വരാം.
എന്നത്തെയും പോലെ, കഴിഞ്ഞ ചർച്ചയിലെ താങ്കളുടെ പ്രകടനവും പരിതാപകരം ആയിരുന്നു എന്നതിനാൽ എനിക്ക് താങ്കളുടെ അവസ്ഥ ഊഹിക്കാൻ സാധിക്കുന്നുണ്ട്.
ഞാൻ ‘ഒട്ടനേകം നാളുകളായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു’ എന്നതാണോ താങ്കളുടെ പ്രശ്നം? അതറിഞ്ഞിട്ടാണോ ‘Who is Panickar?’ എന്ന് ചോദിച്ചത്? നട്ടെല്ലില്ലാത്ത പാർട്ടികളും വ്യക്തികളും ചാനലുകളും ബഹിഷ്കരിച്ചിട്ടും ‘നിറഞ്ഞു നിൽക്കുന്നു’ എന്ന് താങ്കളെ തോന്നിപ്പിച്ചതിന് എനിക്ക് നന്ദി പറയാനുള്ളത് ഇന്നാട്ടിലെ നട്ടെല്ലുള്ള ചുരുക്കം മാധ്യമ സ്ഥാപനങ്ങളോടും എന്നെ കേൾക്കുന്ന ജനങ്ങളോടുമാണ്.
സംവാദകൻ, നിരീക്ഷകൻ, വക്കീൽ എന്നീ നിലകളിൽ ഞാൻ ചർച്ചകളിൽ പങ്കെടുക്കുന്നു എന്ന് ആക്ഷേപ ധ്വനിയോടെയാണ് താങ്കൾ പറയുന്നത്. സംവാദത്തിൽ ഏർപ്പെടുന്നയാളാണ് സംവാദകൻ. രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആളാണ് നിരീക്ഷകൻ. രണ്ടും എന്റെ ഇടപെടലിനെ സൂചിപ്പിക്കുന്ന പദങ്ങളാണ്.
എന്നാൽ വക്കീൽ എന്ന നിലയിൽ ഞാൻ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ല. ഞാനൊരു വക്കീൽ അല്ല എന്നതുതന്നെ കാരണം. രാഷ്ട്രീയ ചർച്ചയിൽ ഒരാൾ അറിയപ്പെടേണ്ടത് അയാളുടെ ഔദ്യോഗിക തൊഴിലിന്റെ പേരിൽ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ ആയിരുന്നെങ്കിൽ ഷമാ മുഹമ്മദ്, കോൺഗ്രസ് വക്താവ് എന്നതിനു പകരം; ഷമാ മുഹമ്മദ്, പല്ലുഡോക്ടർ എന്ന പേരിൽ ആവേണ്ടിയിരുന്നല്ലോ താങ്കൾ വരുന്നത്.
എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നത് എന്തോ കണ്ടുപിടിത്തം എന്ന മട്ടിലാണ് താങ്കൾ അവതരിപ്പിക്കുന്നത്. എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ആരാണ് പറഞ്ഞത്? എനിക്ക് വ്യക്തമായ രാഷ്ട്രീയവും നിലപാടുകളും ഉണ്ട്. അതെല്ലാം വിഷയാധിഷ്ഠിതമാണ്. രാഷ്ട്രീയം പറയാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ തണൽ വേണമെന്ന ചിന്തയാണ് താങ്കളെ ബാധിച്ചിരിക്കുന്നത്. ബീഡി തെറുക്കുന്നവൻ നിർബന്ധമായും ബീഡി വലിക്കുന്നവൻ ആയിരിക്കണമെന്ന് ഒരു തത്വമില്ലല്ലോ.
കക്ഷിരാഷ്ട്രീയം ഇല്ലാത്തതിനാൽ സ്വന്തം നേതാവിന്റെ ഏത് മോശം കാര്യത്തെയും വെളുപ്പിക്കേണ്ട ആവശ്യവും എനിക്ക് വരുന്നില്ല. അതുകൊണ്ടു തന്നെ നേതാവ് പണത്തട്ടിപ്പ് കേസിൽ കുടുംബത്തോടെ കോടതി കയറുമ്പോഴും, ഇഡി ഓഫീസ് നിരങ്ങുമ്പോഴും, സ്വന്തം ക്ലിനിക്കിന്റെ ഷട്ടർ താഴ്ത്തി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ താങ്കൾക്ക് എന്നെ കാണാൻ കഴിയില്ല.
എന്റെ നട്ടെല്ലിനെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് കണ്ടാൽ തോന്നിപ്പോകും നമ്മുടെ ചർച്ചയിൽ നിന്ന് ഇറങ്ങി ഓടിയത് ഞാൻ ആണെന്ന്. വിനയപൂർവം ഓർമ്മിപ്പിക്കട്ടെ; ഓടിയത് താങ്കളാണ്. വിവരക്കേട് പറഞ്ഞതും താങ്കളാണ്. എന്നെ സംസാരിക്കാൻ അനുവദിക്കാഞ്ഞതും, എന്റെ സമയം അപഹരിച്ചതും താങ്കളാണ്. പ്രകോപനപരമായി എന്നെ സംബോധന ചെയ്തതും, ഒരു ചർച്ചയ്ക്ക് ചേരാത്ത മട്ടിൽ പെരുമാറിയതും താങ്കളാണ്. ഇതിനൊക്കെ കാരണം എന്റെയൊരു ചെറിയ ചോദ്യം മാത്രമായിരുന്നു: വിവാദ ഡോക്യുമെന്ററി താങ്കൾ കണ്ടിട്ടുണ്ടോ? എന്ന ചോദ്യം. മോശം പെരുമാറ്റവും ഇറങ്ങിപ്പോകലും വഴി താങ്കൾ അവഹേളിച്ചത് താങ്കളുടെ പാർട്ടിയെ തന്നെയാണ്. ഞാൻ ആട്ടിൻതോൽ ഇട്ടതുകൊണ്ട് താങ്കളുടെ പ്രകടനം മോശമാകുമോ?
കോൺഗ്രസ് മുക്തഭാരതം ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണെന്നും അതിന് ആക്കം കൂട്ടാൻ കോൺഗ്രസ് വക്താക്കൾ ശ്രമിക്കേണ്ടെന്നും പാർട്ടി നേതൃത്വത്തെ ചിന്തിപ്പിക്കാൻ ഈ ചർച്ച ഇടവരുത്തട്ടെ. കോൺഗ്രസ് എങ്ങനെ ഇന്നത്തെ നിലയിൽ എത്തി എന്നു ചിന്തിച്ചു തല പുകയ്ക്കുന്നവർക്കുള്ള മറുപടിയാണ് ആ ചർച്ച. അതുകൊണ്ടാവാം, 24 മണിക്കൂർ കഴിഞ്ഞിട്ടും യൂട്യൂബിലെ ട്രെൻഡിങ് വിഡിയോകളിൽ അത് അഞ്ചാം സ്ഥാനത്തു തുടരുന്നത്.
താങ്കൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ഞാൻ മനസ്സിലാക്കുന്നു. ശത്രുക്കൾക്ക് പോലും ഈ ശോച്യാവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹവും എനിക്കുണ്ട്. പ്രകടനം പരമ ദയനീയം ആയിരുന്നതിനാൽ താങ്കളെ കളിയാക്കുന്ന നിരവധി ട്രോളുകൾ ഉണ്ടായി. “ജവഹർലാൽ നെഹ്രു നിരോധിച്ചത് കുറച്ചു പുസ്തകങ്ങൾ അല്ലേ, യൂട്യൂബ് ഒന്നും അല്ലല്ലോ” എന്നു കേട്ടാൽ പൊട്ടിച്ചിരി കടിച്ചമർത്തി ഇരിക്കാൻ എല്ലാവർക്കും സാധിക്കണം എന്നില്ലല്ലോ.
ക്ഷമ, ഭാഷാശുദ്ധി, ബഹുമാനം, സഹിഷ്ണുത എന്നിവ പൊതുരംഗത്ത് ഉള്ളവർക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളാണ്. ഇതൊന്നും ഇല്ലെങ്കിലും പ്രേക്ഷകർ ക്ഷമിക്കും; കേവലം ഒരു ഗുണം ഉണ്ടെങ്കിൽ — പറയുന്ന കാര്യത്തെ കുറിച്ചുള്ള ധാരണ. അതുമില്ലെങ്കിൽ അവർ ട്രോളിപ്പോകും.
കാരണം, ആട്ടിൻതോൽ ഇട്ട് ഭരിച്ച ചെന്നായ്ക്കളെ അവർക്ക് നല്ല ശീലമാണ്; എന്നാൽ പുലിവേഷം കെട്ടിയാടാൻ വരുന്ന അടിമകളായ എലികളെ അവരധികം കണ്ടിട്ടില്ലല്ലോ.
ആശംസകൾ:
പണിക്കർ
Post Your Comments