തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്, മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. ചിന്ത ജറോമിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം പറഞ്ഞത്. തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. 2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യക്ക് മികച്ച തുടക്കം, രോഹിത്തിനും ഗില്ലിനും സെഞ്ചുറി
50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ച് 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി നിയമിച്ചത്. 2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയത്.
Post Your Comments