Latest NewsKeralaNews

കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഭൂമി സ്വകാര്യ ഗ്രൂപ്പിനുൾപ്പെടെ വിട്ടു നൽകിയ നടപടി വൻ അഴിമതിയുടെ തുടർച്ച: കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ 7 ഏക്കർ ഭൂമി സ്വകാര്യ ഗ്രൂപ്പിനുൾപ്പെടെ വിട്ടു നൽകിയ റെയിൽവെ ലാന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നടപടി ഒരു വലിയ അഴിമതിയുടെ തുടർച്ചയാണെന്ന് കെപിസിസി പ്രസിഡൻര് കെ സുധാകരൻ. പൊതുമുതലുകൾ ഓരോന്നായി സ്വകാര്യ കമ്പനികൾക്ക് ബിജെപി സർക്കാർ വിറ്റുതുലയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. റെയിൽവെ സ്റ്റേഷന്റെ നവീകരണത്തിനും നഗര വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഈ നടപടി റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അതോറിറ്റി തിരുത്തിയേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയി: തൊഴിലാളിയ്ക്ക് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

റെയിൽവെ ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ പുതിയ പ്ലാറ്റ്‌ഫോം നിർമ്മാണം സാധ്യമാകാതെ വരും. ധനസമ്പാദനത്തിന് വേണ്ടി ബിജെപിയുടെ ഉന്നത നേതാക്കൾ ഇടനിലക്കാരായി നിന്നാണ് റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും 45 വർഷത്തെ പാട്ടത്തിന് വിട്ടു നൽകിയത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കല്ലാതെ സ്വകാര്യ വ്യക്തികളുടെ വികസനത്തിനായി റെയിൽവെ ഭൂമിയിൽ കാലുകുത്താനോ ഒരിഞ്ച് നിർമ്മാണ പ്രവർത്തനം നടത്താനോ കണ്ണൂർ ജനത അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അതോറിറ്റി റെയിൽവെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ഏകപക്ഷീയമാണ് തീരുമാനം എടുത്തത്. ഇത് തികച്ചും നിർഭാഗ്യകരമാണ്. ഭൂമി കൈമാറ്റവുമായി മുന്നോട്ട് പോകാനാണ് റെയിൽവെയുടെ തീരുമാനമെങ്കിൽ അതിനെ കണ്ണൂരിലെ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. ഭൂമി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയത്തെ സമീപിക്കാനും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കാനും കണ്ണൂർ ലോകസഭാംഗം എന്ന നിലയിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ നഗരത്തിന്റെ വികസനത്തെ ഈ ഭൂമി കൈമാറ്റം മുരടിപ്പിക്കും. റോഡ് വീതികൂട്ടുന്നതിനും കോർപ്പറേഷന്റെ മറ്റുവികസന പ്രവർത്തനങ്ങൾക്കെല്ലാം തിരിച്ചടിയാണ് ഈ നടപടി. നഗരവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കണ്ണൂർ കോപ്പറേഷൻ സംസ്ഥാന സർക്കാരും റെയിൽവെ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്തിയതാണ്. അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതായുള്ള വാർത്തവരുന്നത്. കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഭൂമിയാണ് സ്വകാര്യവ്യക്തികൾക്ക് ലാഭമുണ്ടാക്കാൻ ദീർഘകാലത്തേക്ക് തീറെഴുതിയത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മൗനം സംശയാസ്പദമാണ്. ബിജെപിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് തടസ്സം നിൽക്കാത്ത നിലപാടാണ് സിപിഎം കേരളത്തിൽ സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് ബിജെപിയും എടുക്കാറില്ല. അത്തരമൊരു പരസ്പര ധാരണയുടെ പുറത്താണ് ഈ പോക്കെങ്കിൽ നിങ്ങൾ ഇരുവരെയും ജനം തെരുവുകളിൽ വിചാരണ നടത്തുന്ന കാലം വിദൂരമല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: കേരളത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത് മോദി സർക്കാരിന്റെ സഹായത്തോടെ: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button