തിരുവനന്തപുരം: സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാനയിൽ പോയി മോദി സർക്കാർ കേരളത്തെ ഞെക്കിക്കൊല്ലുന്നുവെന്ന വ്യാജപ്രചരണം നടത്തിയത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് മോദിയുടെ കാലത്താണെന്നും തിരുവനന്തപുരം സെൻട്രെൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടി കുടിശികയുടെ പേരിൽ പോലും കേരള ധനമന്ത്രി കള്ളപ്രചാരണം നടത്തി. റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചത് മോദി സർക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മോദി സർക്കാർ കേരളത്തിന് നൽകിയത്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. വികസന പ്രവർത്തനങ്ങളൊന്നുമില്ലാത്ത സംസ്ഥാനത്താണ് ഇത്രയും വലിയ കടമുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. ധൂർത്തടിക്കാനും ശമ്പളവും പെൻഷനും കൊടുക്കാനുമാണ് സംസ്ഥാന സർക്കാർ കടംവാങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും മോശം ഭരണം പിണറായി വിജയന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടാവുന്നത്. രാജ്യം എല്ലാ മേഖലയിലും പുരോഗമിക്കുകയാണ്. സബ് കാസാത്ത് സബ് കാ വികാസ് എന്നത് യാഥാർത്ഥ്യമായിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. കോൺഗ്രസ് ഭരണകാലത്ത് പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ വി ടി രമ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ്, മുതിർന്ന നേതാവ് കെ രാമൻപിള്ള, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ, പി രാഘവൻ, അശോക് കുമാർ, പ്രൊഫസർ പി രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
Read Also: നീലച്ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാർക്ക് സംഭവിക്കുന്ന മാറ്റം വളരെയേറെ ഗുണകരം, എന്നാൽ ശ്രദ്ധിക്കേണ്ടത്
Post Your Comments