MollywoodLatest NewsKeralaCinemaNewsEntertainment

എന്റെ പക്ഷം, ഇടതുപക്ഷമല്ല, ബാബരി മസ്ജിദ് തകര്‍ത്തത് നിലപാട് മാറ്റി;താൻ രാഷ്ട്രീയത്തിൽ വന്നത് ഇക്കാരണത്താലെന്ന് കമൽ ഹാസൻ

കോഴിക്കോട്: വലതുപക്ഷത്തുനിന്നും അകന്ന ഒരാളാണ് താനെന്ന് നടന്‍ കമല്‍ ഹാസന്‍. എന്നാല്‍, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ലെന്നും മധ്യനിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നതല്ലെന്നും രാഷ്ട്രീയം തന്നിലേക്ക് കടന്നുവരുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫൈന്‍ഡിംഗ് മൈ പൊളിറ്റിക്‌സ് ‘എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

അടുത്തിടെ ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കമൽ ഹാസൻ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു. താൻ വളരെയധികം ദേഷ്യത്തിലായിരുന്ന സമയത്താണ് രാഷ്ട്രീയത്തിലേക്ക് വരാമെന്ന ചിന്ത ഉണ്ടാകുന്നതെന്നും കമൽ വ്യക്തമാക്കി.

‘സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്തത്. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിനെതിരായ എന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതോടെയാണ് ഏറ്റവും ശക്തമായത്. മതം ഉപയോഗിച്ചാണ് മനുഷ്യരെ കൂട്ടത്തോടെ മയക്കുന്ന ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ജനങ്ങള്‍ ആശ്വസം നേടാന്‍ ആശ്രയിക്കുന്ന ഒന്നാണ് മതം. നിങ്ങള്‍ക്ക് ഒരു മതം തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാതിരിക്കാം, അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും നിങ്ങളാണ്, നിങ്ങൾ മാത്രമാണ്. ഞാന്‍ ആരെയും ഒന്നിനെയും സഹിക്കുന്നില്ല, പക്ഷേ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വായനയിലൂടെയും പത്രങ്ങളിലൂടെയും എഡിറ്റോറിയലിലൂടെയും ആണ് രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയത്’, കമൽ ഹാസൻ പറഞ്ഞു.

തന്റെ ഹേയ് റാം എന്ന ചിത്രവും രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹേ റാമിനുശേഷം നിര്‍മാതാക്കള്‍ തന്നെ അപകടകാരിയായി കാണാന്‍ തുടങ്ങിയെന്നും അദേഹം പറഞ്ഞു. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയില്‍ സൂക്ഷിക്കാനാവില്ലെന്നും ഓരോരുത്തരും അവരവരുടെ രാഷ്ട്രീയം കൃത്യമായി കണ്ടെത്തിയാൽ നമുക്ക് ഒരു ഏകീകൃത ഇന്ത്യ സൃഷ്ടിക്കാമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button