കൊല്ലം: പത്തനാപുരത്ത് പൊലീസിനെ ആക്രമിക്കുകയും ഭരണ ഹുങ്കിൽ പോലീസുകാരന്റെ ചെകിടത്ത് അടിക്കുകയും ചെയ്ത സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം ഡെൻസൻ വർഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ദിവസം പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് ഡെൻസൻ വർഗീസ്.
2022 ഡിസംബർ 18ന് രാത്രി 11.15ഓടെയാണ് ഡെൻസൻ വർഗീസ് പോലീസിനെ ആക്രമിച്ചത്. പത്തനാപുരം ടൗണിൽ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള സൗകര്യം നേരത്തെ ക്രമീകരിച്ചിരുന്നതാണ്. അവിടെ എത്തിയ ഒരു സംഘം യുവാക്കൾ ബൈക്കുകൾ റോഡിൽവച്ച് മാർഗതടസ്സം സൃഷ്ടിക്കുകയും ലൈറ്റുകൾ ഓഫ് ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫിസർ ഇത് ചോദ്യം ചെയ്തതോടെയാണ് വാക്ക് തർക്കം ഉണ്ടായത്.
തുടർന്ന് ഡെൻസൻ പോലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചു. തടസ്സം പിടിക്കാൻ ചെന്ന മറ്റൊരു പൊലീസുകാരനെ ഇവർ അസഭ്യം പറയുകയും യൂണിഫോമിൽ കയറി പിടിക്കുകയും ചെകിടത്ത് അടിക്കുകയുമായിരുന്നു. പത്തനാപുരം സ്വദേശി അനിൽകുമാർ ആണ് കേസിലെ ഒന്നാം പ്രതി. പൊലീസുകാരെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നിവയാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള കുറ്റം. ഡെൻസൻ വർഗീസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഒന്നാം പ്രതിയായ അനിൽകുമാർ ഇപ്പോഴും ഒളിവിലാണ്.
Post Your Comments