ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചും വാനോളം പുകഴ്ത്തിയും പാക് ദിനപത്രം. നേരത്തെ പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ നവംബറിൽ ഇന്ത്യയുടെ വിദേശ നയത്തെ പ്രകീർത്തിച്ചിരുന്നു. ഇന്ത്യയുടെ നയങ്ങളും നിലപാടുകളും രാജ്യത്തെ പൗരൻമാരുടെ ക്ഷേമം പരിഗണിച്ചാണ്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ കൈക്കൊണ്ട നിലപാടുകളെ എടുത്തു പറഞ്ഞായിരുന്നു ഇമ്രാൻഖാന്റെ പരാമർശം ഉണ്ടായത്.
ഇതിനു പിന്നാലെയാണ് പാകിസ്താനിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണൽ ആണ് മോദിയെ മുൻ നിർത്തി ഇന്ത്യ നേടിയെടുത്ത നേട്ടങ്ങളെ കുറിച്ച് വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ നയതന്ത്രബന്ധം ദൃഢവും സുശക്തവുമാണെന്ന് ലേഖനം പറയുന്നു. മോദിയിലൂടെ ആഗോള തലത്തിൽ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഇന്ത്യ മാറി. രാജ്യത്തിന്റെ ആഭ്യന്തര വരുമാനം മൂന്ന് ട്രില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതും പാക് ദിനപത്രത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കാർഷികരംഗത്ത് ആഗോള ഉത്പാദനശക്തിയായി വളരാൻ ഇന്ത്യക്കായി.
ഒരു ഹെക്ടർ കൃഷിയിടത്തിൽ നിന്നും ഇന്ത്യയിലെ കർഷകർക്ക് ലഭിക്കുന്ന വിളവ് ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച നേട്ടവും ലേഖനത്തിൽ പരാമർശിക്കുന്നു. വികസന ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പ്രയാണത്തെ പത്രം വിശേഷിപ്പിക്കുന്നത്. കൂടാതെ 140 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ ഐക്യവും ദൃഢതയും ആഗോള തലത്തിൽ കുതിക്കാൻ ഇന്ത്യയ്‌ക്ക് ശക്തി പകർന്നെന്നും പത്രം വിലയിരുത്തുന്നു. ആഗോളതലത്തിൽ ഇന്ത്യയെ ബ്രാൻഡ് ആക്കിമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ലേഖനം പറയുന്നു.
Post Your Comments