തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിതെളിച്ചത്. പ്രാമാണ്യത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരു തവണ കൂടി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ മാറ്റം. പകരം വരുന്നത് തിരുവമ്പാടിയുടെ പ്രാമാണികനായിരുന്ന കിഴക്കൂട്ട് അനിയൻ മാരാരാണ്. ഇലഞ്ഞിത്തറമേളത്തിന്റെ നടത്തിപ്പുകാരായ പാറമേക്കാവ് ദേവസ്വത്തിന്റെ അടിയന്തര ഭരണസമിതിയോഗമാണ് മേളലോകത്ത് ഏറെ ചർച്ചയാകുന്ന തീരുമാനമെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പാറമേക്കാവ് വേലയുമായി ബന്ധപ്പെട്ടാണ് തർക്കം കൂടുതൽ രൂക്ഷമായത്. കുട്ടൻ മാരാർ തന്റെ മകനെ മുൻനിരയിൽ നിർത്തിയത് പാറമേക്കാവ് ഭാരവാഹികൾ ഇടപെട്ട് തിരുത്തുകയും തുടർന്ന് മാരാർ ചെണ്ട താഴെവയ്ക്കുകയും ചെയ്തിരുന്നു. വൈകാതെ തിരിച്ചെത്തി പ്രാമാണികനായി തുടർന്നെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല.
Post Your Comments