
അങ്കമാലി: കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥിക്ക് കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിന്റെ മകൻ ഓംകാറാണ് (23) മരിച്ചത്. നെടുമ്പാശ്ശേരി ‘എയർ വർക്സ് ഇന്ത്യ’യിലെ എയർക്രാഫ്റ്റിങ് എൻജിനീയറിങ് വിദ്യാർത്ഥിയാണ് ഓംകാർ.
ചൊവ്വാഴ്ച്ച വൈകീട്ട് 5.30ഓടെ കൂട്ടുകാർക്കൊപ്പം നെടുമ്പാശ്ശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ 30 അടിയോളം ആഴമുള്ള എരയറ്റംകുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. ഓംകാർ കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
കരയിലുള്ള കൂട്ടുകാർ അപകടം കണ്ട് ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, അങ്കമാലി അഗ്നിരക്ഷ സേനയെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
ഗൂഗിൾമാപ്പ് നോക്കിയാണ് മൂന്ന് പേരും കുളിക്കാനെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാലത്തെത്തിയ ചെങ്ങമനാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments