തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്തിയ ധനവകുപ്പിന്റെ തീരുമാനത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നാണ് അദ്ദേഹം പരിഹാസത്തോടെ ഫേസ്‌ബുക്കിൽ കുറിച്ചത്. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നേരത്തെ അഡ്വ. എ ജയശങ്കറും ചിന്തയ്ക്ക് ശമ്പളം കൂട്ടിയ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണെന്നും ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നുവെന്നുമായിരുന്നു ജയശങ്കർ പരിഹസിച്ചത്.
അതേസമയം, ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയിൽ നിന്നു 1 ലക്ഷം രൂപയായി ഉയർത്തുന്നതിനായുള്ള അനുമതി കഴിഞ്ഞ മാസമാണ് ധനവകുപ്പ് നൽകിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ചിന്തയുടെ ശമ്പളം കൂട്ടിയതെന്നാണ് റിപ്പോർട്ട്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബർ മുതൽ ശമ്പളം ഒരു ലക്ഷം നൽകാമെന്നാണ് പുതിയ തീരുമാനം. ഇതോടെ, ശമ്പള കുടിശ്ശിക ഇനത്തിൽ ചിന്തയ്ക്ക് 37 ലക്ഷം രൂപ കിട്ടിയേക്കും.
Post Your Comments