ന്യൂഡല്‍ഹി : ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പന്ത് സഞ്ചരിച്ചിരുന്ന മേഴ്സിഡസ് എഎംജി ജിഎല്‍ഇ43 കൂപ്പെ റോഡിന് നടുവിലുള്ള ഡിവൈഡറില്‍ ചെന്നിടിച്ച് നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമായിരുന്നു അപകടം. കാറിടിച്ചതിന് പിന്നാലെ ചില്ല് തകര്‍ത്ത് പുറത്തുകടന്നതിനാലാണ് താരത്തിന്റെ ജീവന് അപായം സംഭവിക്കാതിരുന്നത്. അപകടം സംഭവിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാറിന് തീപിടിക്കുകയും കത്തി നശിക്കുകയും ചെയ്തിരുന്നു.
ഡെറാഡൂണിലുള്ള മാക്സ് ആശുപത്രിയിലാണ് നിലവില്‍ ഋഷഭ് പന്ത് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കിയിലെ വീട്ടിലേക്ക് പുലര്‍ച്ചെ വരുമ്പോഴായിരുന്നു അപകടം. വാഹനം ഓടിക്കുകയായിരുന്ന പന്ത് യാത്രക്കിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഇക്കാര്യം ഡോക്ടര്‍മാരോട് അദ്ദേഹം വെളിപ്പെടുത്തി. ന്യൂ ഇയറിന് കുടുംബത്തോടൊപ്പം ചിലവിടാനും അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനുമായിരുന്നു ഋഷഭ് പന്ത് റൂര്‍ക്കിയിലേക്ക് യാത്ര ചെയ്തത്.
അതേസമയം, ക്രിക്കറ്റ് താരത്തിന് സാരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. നെറ്റിയിലും കണങ്കാലിനുമാണ് കാര്യമായ പരിക്കുള്ളത്. കൈകള്‍ക്കും കാലുകള്‍ക്കും നടുവിനും ചെറിയ പരിക്കുകളുണ്ട്. ഋഷഭ് പന്തിന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments