കൊച്ചി: ചന്ദനക്കുറി തൊടുന്നവർ വര്‍ഗീയവാദികളല്ല വിശ്വാസികളാണെന്നും അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ;
‘മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് പറയുന്നത്. അത് കോണ്‍ഗ്രസിന്റെ നിലപാടാണ്. അതിനെ സിപിഎം പണ്ടേ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്നും വിമര്‍ശിക്കുകയാണ്. മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബിജെപിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. ചന്ദനക്കുറി തൊടുന്നു എന്നുള്ളതുകൊണ്ട് അവരാണ് മൃദുഹിന്ദു എന്ന് പറയാന്‍ പറ്റില്ല. അവര്‍ വിശ്വാസികളാണ്. വിശ്വാസികളോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്.
ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടുള്ളതല്ല. കോണ്‍ഗ്രസ് നേതാക്കള്‍ പലരുടേയും നിലപാടുകള്‍ മൃദുഹിന്ദുത്വനിലപാടാണ്.’
Post Your Comments