മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. സംഭവത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന (30), നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടികൂടി.
Read Also: ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി: ഈ വിഷയത്തില്‍ പിബിയില്‍ ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്
വിദേശത്ത് നിന്നും ഡീനയായിരുന്നു സ്വര്‍ണവുമായി എത്തിയത്. ഇവരുടെ പക്കല്‍ നിന്നും ഈ സ്വര്‍ണം തട്ടുകയായിരുന്നു സഹദിന്റെയും, ജംനാസിന്റെയും പദ്ധതി. ഡീനയുടെ കൂട്ടാളികളാണ് ഇവര്‍. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന സംഘത്തിനൊപ്പം കാറില്‍ കയറി. ഇതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയ കാര്യം ഡീന സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് സ്വര്‍ണമുണ്ടെന്ന് സംഘം സമ്മതിക്കുകയായിരുന്നു.
വയനാട് സ്വദേശിയായ സുബൈറിന് വേണ്ടിയാണ് ഡീന സ്വര്‍ണം കൊണ്ടുവന്നത്. ഇതിന് മുന്‍പും പലതവണ ഡീന സ്വര്‍ണം കടത്തിയിട്ടുണ്ട്. ഡീന എത്തിക്കുന്ന സ്വര്‍ണം കൂട്ടാളികള്‍ തട്ടിക്കൊണ്ട് പോയി വീതിക്കുന്നതാണ് ഇവരുടെ രീതി. 146 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments