കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. രാവിലെ കുരുമുളക് പറിക്കാൻ തോട്ടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. ഇതിനിടെ കുറുക്കൻ ജോസുകുട്ടിയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലും മുഖത്തുമാണ് പരിക്കേറ്റത്.
ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ കുറുക്കന് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ കുറുക്കന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും സമാന സംഭവം. അടുത്തിടെയായി പ്രദേശത്ത് കുറുക്കന്റെ ശല്യം വ്യാപകമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Post Your Comments