കോഴിക്കോട്: നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിൽ. 12 കോടിയിലേറെ രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട 10.7 കോടി രൂപ കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ബുധനാഴ്ച ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു. അറസ്റ്റിലായ പ്രതി റിജിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments