പാലക്കാട്: പല്ലശ്ശനയിൽ രാത്രിയുണ്ടായ മുഖംമൂടി ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. കൊല്ലങ്കോട് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. രാത്രി ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ ഇരുട്ടിൽ ഒളിച്ചിരുന്ന മുഖം മുടി ധരിച്ചയാൾ പെട്ടെന്ന് ചാടി വീണ് ആക്രമിക്കുകയാണ് ഉണ്ടായത്.
ആക്രമണം നേരിടേണ്ടി വന്ന പല്ലശ്ശന സ്വദേശി സെൽവരാജ് മനസാന്നിധ്യം വിടാതെ പെട്ടെന് വണ്ടി മുന്നോട്ടെടുത്തത് കൊണ്ട് മാത്രമാണ് കൂടുതൽ പരിക്കുകളില്‍ നിന്ന് രക്ഷപ്പെട്ടത്. സെൽവരാജിന് തൊട്ടു മുന്നേ ഇതുവഴി യാത്ര ചെയ്ത ബെവ്കോ ജീവനക്കാരിക്കും സമാനമായ ആക്രമണം ഉണ്ടായി.
കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്ത് സി.സി.ടി.വി ഇല്ലാത്തത് തിരിച്ചടിയാണ്. അക്രമി പുറത്തു നിന്നുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് ഈ വഴി വരുന്നവരിൽ പണം തട്ടുകയായിരിക്കും ലക്ഷ്യമെന്നാണ് പൊലീസിൻ്റെ നിഗമനം. പാലം പണിക്കായി പ്രധാന റോഡ് അടച്ചിട്ടതിനാൽ കുണ്ടും കുഴിയും നിറഞ്ഞ മൺ റോഡിലൂടെയാണ് പ്രദേശവാസികളുടെ യാത്ര. രാത്രിയായാൽ പരിസരത്തൊന്നും ആളനക്കമുണ്ടാകില്ല. ഇനിയും ഇത്തരം ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
Post Your Comments