തൃശൂർ: 1.190 കിലോ കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാമാവ് കെട്ടുങ്ങൽ മണിയന്ത്ര വീട്ടിൽ സുഭാഷ് ചന്ദ്ര ബോസിനെയാണ് (47) കോടതി ശിക്ഷിച്ചത്. തൃശൂർ നാലാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.
2013 മേയ് 29-ന് രാവിലെ 10-ന് ഏനാമാവ് കെട്ടുങ്ങൽ ജങ്ഷനിൽ കഞ്ചാവ് വിൽപനക്കായി എത്തിയ പ്രതിയെ പാവറട്ടി പൊലീസ് തൊണ്ടിമുതലുകൾ സഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാവറട്ടി സബ് ഇൻസ്പെക്ടറായിരുന്ന, ഇപ്പോൾ സ്റ്റേഷൻ ഇൻസ്പെക്ടറായ എം.കെ. രമേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന്, ഗുരുവായൂർ പൊലീസ് സ്റ്റേഷൻ സി.ഐ ആയിരുന്ന കെ. സുദർശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡിനി ലക്ഷ്മണൻ ഹാജരായി.
Post Your Comments