പാലക്കാട്: വ്യത്യസത സംഭവങ്ങളിലായി രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ. കോട്ടയം എടചൊട്ടി സ്വദേശി മുഹമ്മദ് നയിഫ് (21), അസം സ്വദേശി ബഹ്റുൽ ഇസ്ലാം (29) എന്നിവരാണ് പിടിയിലായത്.
പാലക്കാട്, പറളി റെയിൽവേ സ്റ്റേഷനുകളിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6.2 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് മുഹമ്മദ് നയിഫ് പിടിയിലായത്. ഇയാളിൽ നിന്ന് നാലുകിലോ കഞ്ചാവ് കണ്ടെത്തി. എറണാകുളത്ത് എൻജിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയാണ് നയിഫ്. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് നയിഫ് മൊഴി നൽകി.
പറളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 2.2 കിലോ കഞ്ചാവുമായി ബഹ്റുൽ ഇസ്ലാം പിടിയിലായത്. പറളി മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിനായി ട്രെയിനിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പിടികൂടിയ മൊത്തം കഞ്ചാവിന് പൊതുവിപണിയിൽ മൂന്ന് ലക്ഷത്തോളം വില വരുമെന്ന് അധികൃതർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments