ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് നിയമസഭ സ്പീക്കർ എഎൻ ഷംസീർ. വിഴിഞ്ഞം സമരസമിതി ഉന്നയിച്ച 7 ആവശ്യങ്ങളിൽ ആറും സർക്കാർ അംഗീകരിച്ചതാണെന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഷംസീർ വ്യക്തമാക്കി.
സമരസമിതി കലാപത്തിൽ നിന്ന് പിന്മാറണമെന്നും നാട്ടിൽ സമാധാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അതിനു സർക്കാർ തയ്യാറാണെന്നും ഷംസീർ അറിയിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോടതി വിധികൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായതെന്നും സമരക്കാർ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.
Post Your Comments