ഇടുക്കി: നാരകക്കാനം ചിന്നമ്മ ആന്റണി വധകേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയൽവാസിയായ പൊതുപ്രവർത്തകൻ വെട്ടിയാങ്കൽ സജിയാണ് കൊലപാതകം നടത്തിയത്. മോഷണത്തിനായാണ് കൊലപാതകമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വീട്ടമ്മയുടെ ശരീരത്തിലുണ്ടായ ആഭരണം കവർന്നെടുക്കുകയും, അത് പണയം വെച്ച് ലഭിച്ച 125000 രൂപ ഉപയോഗിച്ച് നാടുവിടാൻ ശ്രമിക്കുന്നതിനിടെ കമ്പം ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതി അറസ്റ്റിലായത്. തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ നിഷ്ഠൂര കൊലപാതകം 48 മണിക്കൂറിനുള്ളിലാണ് പൊലീസ് തെളിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ചിന്നമ്മയുടെ വീടിന് താമസിക്കുന്ന അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് വെട്ടിയാങ്കൽ സജി എന്നറിയപ്പെടുന്ന തോമസ് വർഗീസ്, കൃത്യം നടന്ന നവംബർ 23ന് ഉച്ചയ്ക്ക് 12.30ഓടെ പ്രതി ചിന്നമ്മയുടെ വീട്ടിലെത്തി. അലക്കിക്കൊണ്ടുനിന്ന ചിന്നമ്മയോട് പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. കയറിയിരിക്കാൻ പറഞ്ഞശേഷം അടുക്കളയിലേക്ക് പോയ ചിന്നമ്മയുടെ പിന്നാലെ എത്തിയ പ്രതി, അവിടെയുണ്ടായിരുന്ന കൊരണ്ടിപ്പലക ഉപയോഗിച്ച് ചിന്നമ്മയുടെ തലയിലും ശരീരത്തിലും ശക്തമായി അടിച്ചു.
ഇതേത്തുടർന്ന് പ്രതിരോധിക്കാനായി കറിക്കത്തിയെടുത്തെങ്കിലും, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള പ്രതി, വീട്ടമ്മയെ അടിച്ചുവീഴ്ത്തി. അതിനുശേഷം അവിടെയുണ്ടായിരുന്ന കവാത്ത് അരുവയുടെ മാട് കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ബോധരഹിതയായി വീണ ചിന്നമ്മയുടെ ദേഹത്ത് ബ്ലാങ്കറ്റും പുസ്തകങ്ങളും തുണിയും നിറച്ചുവെക്കുകയും, ഗ്യാസ് സിലിണ്ടറിന്റെ ഹോസ് മുറിച്ചശേഷം തീകൊളുത്തുകയുമായിരുന്നു. കത്തിക്കുന്ന സമയത്ത് ചിന്നമ്മ പ്രാണന് വേണ്ടി നിലവിളിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. തീകത്തിക്കുന്നതിന് മുമ്പ് ചിന്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മലയും വളയും ഊരിയെടുത്തതായും പ്രതി പറഞ്ഞു.
സ്വർണാഭരണങ്ങൾ അപഹരിക്കുന്നതിനിടയിൽ തടസ്സം പിടിച്ചപ്പോൾ വെട്ടി പരിക്കേൽപ്പിച്ച ശേഷം ജീവനോടെ തന്നെ ഗ്യാസ് തുറന്നുവിട്ടു കത്തിക്കുകയായിരുന്നു. സ്വർണാഭരണം പണയംവെച്ച് ലഭിച്ച 125000 രൂപയുമായി നാട് വിടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പം ബസ് സ്റ്റാൻഡിൽനിന്ന് പ്രതി പിടിയിലായത്. പ്രതി സജി എന്നു വിളിക്കുന്ന തോമസ് വർഗീസ് അപഹരിച്ച സ്വർണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി പണം എടുത്ത ശേഷം തമിഴ് നാട് അതിർത്തിയിൽ കമ്പത്തേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് കമ്പത്തുനിന്നും ഇയാൾ പിടിയിലായത് എന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments