തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവ് ഡോക്ടറെ മർദ്ദിച്ചുവെന്ന സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയെന്ന വാർത്ത കളവാണെന്നും സെന്തിൽ കുമാർ ഡോക്‌ടറെ ആക്രമിച്ചിട്ടില്ലെന്നും സെന്തിലിൻ്റെ സഹോദരി വ്യക്തമാക്കി. സത്യം തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഡോക്‌ടർക്ക് പറ്റിയ തെറ്റ് മറയ്‌ക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്നും സെന്തിലിൻ്റെ സഹോദരി വ്യക്തമാക്കി.
നടന്നിരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഡോക്‌ടർ ആക്രമിച്ചപ്പെട്ടാൽ അത് ചോദിക്കാൻ സെക്യൂരിറ്റിയെങ്കിലും ആ സമയം വരില്ലേ എന്നും സെന്തിലിൻ്റെ സഹോദരി ചോദിക്കുന്നു. ഒരാൾ പോലും അത്തരത്തിൽ വന്നിട്ടില്ലെന്നും, ബോഡി വിട്ടുകിട്ടി ദഹിപ്പിക്കുന്നത് വരെ ഇക്കാര്യവും പറഞ്ഞ് വന്നിട്ടില്ലെന്നും സെന്തിലിൻ്റെ സഹോദരി വ്യക്തമാക്കി.
‘മൃതദേഹം അടക്കം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ വന്ന് തടസം പറയുകയായിരുന്നു. തുടർന്നാണ് ദഹിപ്പിച്ചത്. അങ്ങനെ നിർബന്ധം പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. ഇപ്പോൾ ഇക്കാര്യത്തിൽ സംശയം തോന്നുന്നു. സംഭവത്തിൽ നീതികിട്ടാൻ ഏതറ്റംവരെയും പോകും,’ സെന്തിലിൻ്റെ സഹോദരി പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡൻ്റ് മേരി ഫ്രാൻസിസ് കല്ലേരി ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിച്ചക്കാല ടിബി ജംഗ്ഷൻ പുതുമനയിൽ ശുഭയുടെ ഭർത്താവ് സെന്തിൽകുമാർ ആക്രമിച്ചതായാണ് ഡോക്ടർ പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ അടിവയറ്റിൽ ക്ഷതമേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണി: എം ബി രാജേഷ്
ഭാര്യയുടെ സംസ്‌കാരത്തിന് ശേഷം രക്തസമ്മർദ്ദം താഴുകയും മറ്റ് ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് സെന്തിൽകുമാർ കുഴഞ്ഞു വീണിരുന്നു. തുടർന്ന് നെടുങ്ങോലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സെന്തിൽകുമാർ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ കസ്റ്റഡിയിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി.
Post Your Comments