തിരുവനന്തപുരം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണിയാണെന്ന് എം ബി രാജേഷ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആവർത്തിച്ച് വായിച്ചുറപ്പിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരന്റെ മൗലികാവകാശങ്ങൾക്ക് പരമപ്രാധാന്യമാണ് നമ്മുടെ ഭരണഘടന നൽകുന്നത്. എല്ലാ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യവും സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വവും സാമൂഹ്യ നീതിയും അത് ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ അവകാശങ്ങളെ ഇത്രയേറെ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനകൾ ലോകത്തു തന്നെ അപൂർവമാണ്. ഈ ഭരണഘടനയാണ് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ജനങ്ങൾ ജനങ്ങൾക്കായി നിർമിച്ച് ജനങ്ങൾക്കു തന്നെ സമർപ്പിച്ച ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാർ എക്കാലത്തും ജനങ്ങൾ തന്നെയാണ്. ഭരണഘടനയുടെ പ്രാധാന്യവും അതിൽ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഉയർന്ന മൂല്യവും തിരിച്ചറിഞ്ഞ് ഭരണഘടനയെ ജാഗ്രതയോടെ കാക്കുമെന്ന് ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
Post Your Comments