തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെ പോലീസ് കേസില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു എന്നാണ് ആരോപണം.
സംഭവത്തിൽ സ്‌കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തിട്ടില്ല. പകരം പരാതി ഒതുക്കി തീർക്കാന് രക്ഷിതാവിനേയും സ്‌കൂൾ അധികൃതരേയും നിർബന്ധിക്കുകയായിരുന്നു എന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
പെൺകുട്ടിയുടെ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, സ്‌കൂൾ അധികൃതർ തിരുവനന്തപുരം റൂറൽ സൈബർ പോലീസിൽ ആണ് പരാതി നൽകിയത്. സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിദ്യാർത്ഥിനിയുടെ അശ്ലീലദൃശ്യം ലഭിച്ചിരുന്നത്.
സംഭവം പതിവായതോടെ വിദ്യാർത്ഥിനിയുടെ പിതാവ് സ്‌കൂൾ അധികൃതരോട് പരാതി പറഞ്ഞു. ഇതോടെ കഴിഞ്ഞ 16ന് സ്‌കൂൾ അധികൃതർ സൈബർ പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പരാതി നല്കുകയായിരുന്നു.
Post Your Comments