ദോഹ: ഖത്തര്‍ ലോകകപ്പില്‍ വമ്പന്മാർ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ക്രൊയേഷ്യ. കലാശ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് അടിപതറിയെങ്കിലും റഷ്യയില്‍ തലയുയര്‍ത്തിയാണ് ലൂക്ക മോഡ്രിച്ചും സംഘവും മടങ്ങിയത്.
ലൂക്കാ മോഡ്രിച്ച് നയിക്കുന്ന ടീമിൽ ഇവാൻ പെരിസിച്ച്, കൊവാസിച്ച് തുടങ്ങി യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന വമ്പന്‍ താരങ്ങൾ അണിനിരക്കുന്നുണ്ട്. ചെൽസി താരമായ ഹക്കിം സീയേച്ചും പിഎസ്ജി താരം അഷറഫ് ഹക്കീമിയും അണിനിരക്കുന്ന മൊറോക്കൻ ടീം യൂറോപ്യന്‍ സംഘത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താൻ പോന്നവര്‍ തന്നെയാണ്.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനി, ജപ്പാനെ നേരിടും. റഷ്യയില്‍ നേരിട്ട തിരിച്ചടി മറക്കാനുള്ള തയാറെടുപ്പുകളുമായാണ് ജര്‍മനി ഖത്തറില്‍ എത്തിയിരിക്കുന്നത്. ലോക ചാമ്പ്യന്മാരായി വന്ന് റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നാണംകെട്ട് പുറത്തായതിന്‍റെ ക്ഷീണം മാനുവല്‍ ന്യൂയര്‍ക്കും സംഘത്തിനും തീർക്കേണ്ടതുണ്ട്.
റഷ്യന്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ വിജയം ഏകദേശം ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് തോല്‍വി വഴങ്ങിയ ജപ്പാന്‍ ഇത്തവണ പിഴവുകള്‍ ആവര്‍ത്തിക്കില്ല എന്ന വാശിയിലാണ്. വൈകീട്ട് 6.30ന് ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂയര്‍ക്കൊപ്പം തോമസ് മുള്ളറും കിമ്മിച്ചും റൂഡിഗറിന്‍റെയുമെല്ലാം കൂടെ യുവതാരങ്ങളായ ജമാൽ മ്യൂസിയാലയും മക്കോക്കുവും അണിനിരക്കുന്ന ജര്‍മനി ശക്തരാണ്.
Read Also:- ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു
ഏഴാം ലോകകപ്പിനെത്തുന്ന ജപ്പാൻ ഇതുവരെ പ്രീക്വാര്‍ട്ടര്‍ കടന്നിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ഖത്തറിലിറങ്ങുന്നത്. ജര്‍മനിയും ജപ്പാനും ഇതുവരെ രണ്ട് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഒന്നിൽ ജര്‍മനി ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു.
Post Your Comments