Latest NewsFootballNewsSports

ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് നാളെ: മൂന്നാം കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും നേർക്കുനേർ

ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ടിൽ അർജന്റീനയും ഫ്രാൻസും നാളെ ഇറങ്ങും. ഞായറാഴ്ച്ച രാത്രി 8:30 ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രഞ്ച് പട പോരാട്ടത്തിനിറങ്ങുക. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രഞ്ച് പട ലോകകിരീടത്തില്‍ മുത്തമിട്ടത്.

ഫുട്‌ബോള്‍ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ താരം ലയണല്‍ മെസിക്ക് ഇനി നേടാനുള്ളത് ലോകകപ്പ് കിരീടമാണ്. തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്ന് പ്രഖ്യാപിച്ച മിശിഹായ്ക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ആല്‍ബിസെലെസ്‌റ്റെകള്‍ ഫ്രഞ്ച് പടയെ നേരിടുക. കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫ്രഞ്ച് പടയ്‌ക്കൊപ്പമായിരുന്നു.

എന്നാല്‍, ഇത്തവണ മെസിയെ മാര്‍ക്ക് ചെയ്യുക എന്നത് ദുഷ്‌കരമായ കാര്യമാണെന്നാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലെ ഒരു കളിയില്‍ തോല്‍വിയറിഞ്ഞാണ് ഇരു ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത് വലിയ നിരാശയാണ് അർജന്റീനയ്ക്ക് സമ്മാനിച്ചത്.

എന്നാല്‍, ആദ്യ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന മെസിയെയും സംഘത്തെയുമാണ് പിന്നീടുള്ള മത്സരങ്ങളില്‍ കണ്ടത്. എംബാപ്പെയും ഗ്രീസ്മാനും ജിറൂഡുമെല്ലാം അണിനിരക്കുന്ന ഫ്രഞ്ച് പടയെ പിടിച്ചുകെട്ടുക എന്നത് അർജന്റീനയെ സംബന്ധിച്ച് നിസാര കാര്യമായിരിക്കില്ല.

Read Also:- ടോൺസിലൈറ്റിസിനോട് ഗുഡ്ബൈ പറയാം, ഈ ഒറ്റമൂലികൾ പരീക്ഷിക്കൂ

അതുപോലെ തന്നെ മെസിയെ തളയ്ക്കുക എന്നത് തന്നെയായിരിക്കും ഫ്രഞ്ച് പടയുടെ തന്ത്രവും. അഞ്ച് ഗോളുകളുമായി എംബാപ്പെയും മെസിയും ഒപ്പത്തിനൊപ്പമാണ് ഗോള്‍വേട്ടയില്‍ തുടരുന്നത്. മൂന്നാം ലോകകിരീടം സ്വപ്‌നം കണ്ട് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുമ്പോള്‍ മത്സരഫലം പ്രവചനാതീതമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button